ബെർലിൻ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കം അസംബന്ധമാണെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക്. യൂറോപ്പ് ഇതിനെതിരെ ശക്തമായ നിലപാടിലാണ്. ശാന്തമായി വിവേകത്തോടെയും, വ്യക്തമായി ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കണമെന്ന് ലക്സംബർഗിൽ യൂറോപ്യൻ യൂണിയൻ വ്യാപാരമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
“നമ്മൾ ശക്തമായ സ്ഥാനത്താണെന്നും അമേരിക്ക ദുർബലമാണെന്നുമാണ് മനസിലാക്കേണ്ടത്. നമുക്ക് ഇപ്പോൾ സമയത്തിന്റെ സമ്മർദ്ദമില്ല. പക്ഷേ അമേരിക്കക്ക് അതുണ്ട്. ഇയു ഒരുമിച്ച് നിൽക്കേണ്ടത് പ്രധാനമാണ്. ഇളവുകൾ നേടാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ മുൻകാലങ്ങളിൽ വിജയിച്ചിട്ടില്ല. ദക്ഷിണ അമേരിക്ക, ഏഷ്യ, പസഫിക് തുടങ്ങിയ മേഖലകളുമായുള്ള വ്യാപാര കരാറുകളും ബന്ധങ്ങളും പ്രാധാനമാണ്–- റോബർട്ട് ഹാബെക്ക് പറഞ്ഞു. ട്രംപിന്റെ നടപടിക്കെതിരെ ഇയു അംഗരാജ്യങ്ങൾക്കിടിയിലുള്ള അതൃപ്‌തി പലതരത്തിൽ പുറത്തുവരുന്ന ഘട്ടത്തിലാണ് യൂറോപ്പിലെ പ്രധാന സാമ്പത്തികശക്തിയായ ജർമനിയുടെ മന്ത്രി അമേരിക്കക്കെതിരെ തുറന്നടിച്ചത്.