ലൊസാഞ്ചലസ്: ആളുകള്‍ക്ക് നേരേ തോക്ക് ചൂണ്ടിയതിന് പ്രശസ്ത റോക്ക് ഗായകന്റെ ഭാര്യയെ ലൊസാഞ്ചലസ് പോലീസ് വെടിവച്ച് വീഴ്ത്തി. വാഹനമിടിപ്പിച്ച ശേഷം രക്ഷപ്പെട്ടവര്‍ക്ക് നേരെ അവര്‍ തോക്ക് ചൂണ്ടുകയായിരുന്നു.
വീസര്‍ ബേസിസ്റ്റ് സ്‌കോട്ട് ഷ്രിനറുടെ ഭാര്യ ജില്ലിയന്‍ ലോറനെ ( 51) ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവരുടെ ബേബി സിറ്ററിനൊപ്പം കസ്റ്റഡിയിലെടുത്തു. തോക്ക് താഴെ വയ്ക്കാനുള്ള പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. വീസര്‍ ബാസിസ്റ്റ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
134 ഫ്രീവേയുടെ കിഴക്കന്‍ പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് മൂന്ന് പുരുഷന്മാര്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതായി കലിഫോര്‍ണിയ ഹൈവേ പട്രോള്‍ ലൊസാഞ്ചലസ് പൊലീസിനെ വിവരം അറിയിച്ചു. ഇവരെ അന്വേഷിച്ച ലൊസാഞ്ചലസ് പൊലീസ് ഇവര്‍ ഓടിപോകുന്നത് കണ്ടെത്തി. ഈ സമയത്ത് സമീപത്തെ ഒരു വീട്ടില്‍ നിന്ന് ജില്ലിയന്‍ തോക്കുമായി പുറത്തുവന്നു.
അവര്‍ വെടി ഉതിര്‍ത്തോ എന്ന് വ്യക്തമല്ല. തുടര്‍ന്ന്, തോക്ക് താഴെയിടാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ലിയന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റത് ജില്ലിയന്റെ തോളിലാണ്. വെടിയേറ്റതിന് ശേഷം ജില്ലിയന്‍ വീട്ടിലേക്ക് മടങ്ങിപ്പോകുകയും പിന്നീട് കൈകള്‍ ഉയര്‍ത്തി കീഴടങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.