ജനീവ: അമേരിക്കയുടെ പ്രതികാരച്ചുങ്കം ആഗോളവ്യാപാരത്തിൽ മൂന്ന് ശതമാനത്തിന്റെ ഇടിവുണ്ടാക്കുമെന്ന് വിലയിരുത്തൽ. കയറ്റുമതി അമേരിക്ക, ചൈന തുടങ്ങിയ വിപണികളിൽനിന്ന് ഇന്ത്യ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഉന്നത സാമ്പത്തിക വിദഗ്ധ അഭിപ്രായപ്പെട്ടു.
വ്യാപാര രീതികളിലും സാമ്പത്തിക സംയോജനത്തിലും ദീർഘകാല മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇന്റർനാഷണൽ ട്രേഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പമേല കോക് ഹാമിൽട്ടൺ പറഞ്ഞു. മെക്സിക്കോയിൽനിന്നുള്ള കയറ്റുമതി കാനഡ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാറുകയാണ്. വിയറ്റ്നാമീസ് കയറ്റുമതി പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക വിപണികളിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ഗണ്യമായി വർധിക്കുന്നുവെന്ന് അവർ പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വസ്ത്രകയറ്റുമതി രാജ്യമായ ബംഗ്ലാദേശിനെതിരെ 37 ശതമാനം തീരുവ പ്രാബല്യത്തിൽ വന്നാൽ 2029ഓടെ അമേരിക്കയിലേക്കുള്ള വാർഷിക കയറ്റുമതിയിൽ 330 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. പരസ്പരം ചുമത്തുന്ന തീരുവകളുടെയും അതിനുള്ള പ്രതിരോധ നടപടികളുടെയും ഫലമായി 2040 ആകുമ്പോഴേക്കും ആഗോള ജിഡിപി 0.7 ശതമാനം കുറയുമെന്നാണ് ഫ്രഞ്ച് സാമ്പത്തിക ഗവേഷണ സ്ഥാപനമായ സിഇപിഐഐയുമായി ചേർന്ന് തയ്യാറാക്കിയ വിലയിരുത്തലിൽ കണ്ടെത്തിയത്.