ടോക്ക്യോ: 2024 ഒക്ടോബർ ആയപ്പോഴേക്കും ജപ്പാനിലെ ജനസംഖ്യ 12 കോടിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 898,000 ആളുകളുടെ കുറവാണ് സൂചിപ്പിക്കുന്നത്. ലോകത്തിൽ ഏറ്റവും കുറവ് ജനനനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.
1950തിനുശേഷം രേഖപ്പെടുത്തിയ കണക്കുകളിൽ ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന, എന്നാൽ സാമ്പത്തിക കാരണങ്ങളാൽ അത് സാധ്യമല്ലെന്ന് കരുതുന്ന യുവകുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു. കുട്ടികളെ വളർത്തുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്യുന്നതിനൊപ്പം യുവാക്കൾക്ക് വേതനം വർധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഹയാഷി പറഞ്ഞു.