ബീജിങ്: ഈ വർഷം 85,000ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് വിസ നൽകി ചൈനീസ് എംബസി. 2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിലെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഈ വർഷം ചൈനയിലേക്ക് യാത്ര ചെയ്യാൻ 85,000 ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് വിസ നൽകിയെന്നാണ് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് അറിയിച്ചത്. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ അദ്ദേഹം ക്ഷണിച്ചു. തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും സൗഹൃദം നിറഞ്ഞതുമായ ചൈനയെ അറിയാൻ സ്വാഗതം ചെയ്യുന്നു എന്നാണ് ചൈനീസ് അംബാസഡർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
സുഗമമായ യാത്രയ്ക്ക് ഇളവുകളുമായി ചൈന
മുൻകൂർ ഓൺലൈൻ അപ്പോയിൻമെന്‍റുകൾ ഇല്ലാതെ ഇന്ത്യൻ അപേക്ഷകർക്ക് പ്രവൃത്തി ദിവസങ്ങളിൽ വിസ കേന്ദ്രങ്ങളിൽ നേരിട്ട് വിസ അപേക്ഷ സമർപ്പിക്കാം.
ഹ്രസ്വകാലത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് വിസ ലഭിക്കാനുള്ള സമയം കുറയ്ക്കുന്നു.
വളരെ കുറഞ്ഞ നിരക്കിൽ ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകരെ സംബന്ധിച്ച് യാത്ര കൂടുതൽ താങ്ങാവുന്നതാക്കി മാറ്റുന്നു.
ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വിവിധ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു
ട്രംപ് താരിഫ് യുദ്ധം തുടരുന്നതിനിടെ ചൈനീസ് എംബസി വക്താവ് യു ജിംഗ്, ഇന്ത്യ-ചൈന സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയുണ്ടായി. താരിഫ് അടിച്ചേൽപ്പിക്കുന്നത് മറികടക്കാൻ രണ്ട് വലിയ വികസ്വര രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.