ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സഞ്ചാരികൾക്ക് മാർഗ്ഗനിർദ്ദേശവുമായി അമേരിക്കയ്ക്ക് പിന്നാലെ യുകെയും രംഗത്ത്. ഇന്ത്യ അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നാണ് നിർദ്ദേശം. ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന സംഘർഷ സമാന സാഹചര്യം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കണമെന്നാണ് പൗരന്മാരോട് ബ്രിട്ടൻ ആവശ്യപ്പെടുന്നത്.
പഹൽഗാം, ഗുൽമാർഗ് തുടങ്ങി പോകാൻ പാടില്ലാത്ത നിരവധി സ്ഥലപ്പേരുകളും ബ്രിട്ടൻ പുറത്തുവിട്ടിട്ടുണ്ട്. പഹൽഗാമിൽ ഭീകര ആക്രമണം നടത്തി വിനോദസഞ്ചാരികൾ അടക്കം 26 പേരെ കൊലപ്പെടുത്തി രണ്ടുദിവസത്തിനുശേഷമാണ് ഈ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ജമ്മു നഗരത്തിൽ പോകാമെന്നും, എന്നാൽ വിമാനം മാർഗ്ഗം മാത്രമേ പോകാവൂ എന്നും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ പോകാമെന്നും ബ്രിട്ടന്റെ ഏജൻസിയായ എഫ്സിഡിഒ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. ഭീകരരുടെ സാന്നിധ്യം സ്ഥിരമായി ഉള്ളതിനാലാണ് ജമ്മുകശ്മീരിലെ പ്രദേശങ്ങളിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് ബ്രിട്ടൻ വിശദീകരിക്കുന്നത്.
ജമ്മുകശ്മീരിൽ അപ്രതീക്ഷിത ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും ബോംബ് സ്ഫോടനം ഗ്രാനൈഡ് ആക്രമണം വെടിവെപ്പ് തട്ടിക്കൊണ്ടു പോകൽ എന്നിവയ്ക്കും സാധ്യതയുള്ളതായി ബ്രിട്ടൻ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പുറമേ അത്യാവശ്യമെങ്കിൽ മാത്രമേ മണിക്കൂറിൽ പോകാവൂ എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.