ഇസ്ലാമാബാദ്: ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും പരിശീലനം നല്‍കുന്നതും സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കജ്വ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമായാണ് ഈ വൃത്തികെട്ട ജോലി ചെയ്തത് എന്നാണ് അദ്ദേഹം സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്നുള്ള സഹായം ലഭിച്ചെന്ന് ഇന്ത്യ ആരോപിക്കുമ്പോഴാണ് പാക്ക് മന്ത്രിയുടെ വാക്കുകള്‍.
പാക്കിസ്ഥാന്‍റെ ദീര്‍ഘനാളായി ഭീകരവാദത്തെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുയും ചെയ്യുന്നു. ഭീകര സംഘടനകള്‍ക്ക് ഫണ്ടിങ് നല്‍കുന്നു. ഇതിനെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തക യാൽഡ ഹക്കിയുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. ‘ശരിയാണ്, അമേരിക്കയ്ക്കും പാശ്ചാത്യര്‍ക്കുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ചെയ്യുകയാണ്’ എന്നാണ് കജ്വ ആസിഫ് പറഞ്ഞത്.
അതൊരു തെറ്റായിരുന്നു. അതില്‍ നിന്നും അനുഭവിക്കുകയാണ്. സോവിയേറ്റ് യൂണിനെതിരായ യുദ്ധത്തിലും 9/11 ശേഷമുള്ള യുദ്ധത്തിലും പങ്കെടുത്തിരുന്നില്ലെങ്കില്‍ പാക്കിസ്ഥാന്‍റെ ട്രാക്ക് റെക്കോര്‍ഡ് മറ്റൊന്നാകുമായിരുന്നു എന്നും കജ്വ ആസിഫ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന് പാക്കിസ്ഥാന്‍ ഫണ്ട് ചെയ്യുന്ന എന്ന അമേരിക്കന്‍ വാദത്തെയും പാക്ക് മന്ത്രി വിമര്‍ശിച്ചു. ‘മേഖലയില്‍ എന്ത് നടന്നാലും വലിയ ശക്തികള്‍ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുക എളുപ്പമാണ്. 80 കളില്‍ സോവിയേറ്റ് യൂണിനെതിരെ ഒന്നിച്ച് യുദ്ധം ചെയ്യുമ്പോള്‍ ഇന്ന് ഭീകരര്‍ എന്ന് വിളിക്കുന്നവര്‍ക്കൊപ്പം ഇവരെല്ലാം വാഷിങ്ടണില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു’ എന്നും കജ്വ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിനിടെ ലഷ്‌കർ-ഇ-തൊയ്ബ ഇപ്പോൾ നിലവിലില്ലെന്നും പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കജ്വ പറഞ്ഞു.