ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ പാകിസ്താന്‍ അടിയന്തരമായി വ്യോമ മേഖല അടച്ചിരുന്നു. ഇതിന് പകരമാണ് ഇന്ത്യയുടെ നടപടി. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ഇനി ലഭ്യമല്ലെന്ന NOTAM (വിമാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യമായ വിവരങ്ങള്‍ അടങ്ങിയ അറിയിപ്പാണ് NOTAM) ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെയാണ് ഇപ്പോൾ അടച്ചിടുക. പിന്നീടുള്ള നടപടി അടുത്ത ഘട്ടത്തില്‍ സ്വീകരിക്കും.