ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ സൈന്യം ഇന്നും ആക്രമണം തുടര്‍ന്നു. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ ലോക രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെയാണിത്.
സാഹചര്യം പരിശോധിച്ച ശേഷം ആക്രമണം ശക്തിപ്പെടുത്തണമോ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കുമെന്നാണ് ഇസ്രായേലിന്റെ പ്രതികരണം. ഗാസയില്‍ പല കൂറ്റന്‍ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗാസയിലെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമിട്ടായിരുന്നു. ഏറ്റവും ശക്തമായ ആക്രണമാണ് നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
14 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തിലാണ് ഗാസ. അതുകൊണ്ടുതന്നെ ഇവിടേക്ക് മരുന്നുകള്‍, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പോലും ലോകരാജ്യങ്ങള്‍ ഇസ്രായേലിന്റെ അനുമതി വാങ്ങണം. ഇതിന് പരിഹാരമായി ഗാസയിലെ ഹമാസ് കണ്ടെത്തിയ മാര്‍ഗമാണ് ഭൂഗര്‍ഭ അറകള്‍.
ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഗാസയില്‍ കൂടുതല്‍ ഭൂഗര്‍ഭ അറകള്‍ ഉള്ളത്. പല മേഖലകളില്‍ നിന്നും സിനായ് മരുഭൂമിയിലൂടെ അതിര്‍ത്തിയില്‍ എത്തിക്കുന്ന ചരക്കുകള്‍ തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഗാസയില്‍ എത്തിക്കുന്നത്. ആയുധങ്ങളും ഇതുവഴിയാണ് ഹമാസ് എത്തിക്കാറ്. വിവിധ ഭാഗങ്ങളായി എത്തിച്ച ശേഷം ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് പതിവ്.
അതുകൊണ്ടുതന്നെയാണ് ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമിട്ടത്. 25 മിനുട്ടില്‍ 122 ബോംബുകളാണ് ഗാസയിലെ ടണലുകള്‍ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഹമാസ് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കണം. ആക്രമണം ശക്തമായ ശേഷം ഹമാസ് നേതാക്കള്‍ പരസ്യമായി പ്രതക്ഷപ്പെട്ടിട്ടില്ല.
ഇസ്രായേല്‍ സൈനിക വക്താവ് ഹൈദി സില്‍ബര്‍മാനെ ഉദ്ധരിച്ചാണ് ടണല്‍ ആക്രമണം ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെ റേഡിയോ ജേണലിസ്റ്റ് യുസഫ് അബു ഹുസൈന്‍ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാരും കൊല്ലപ്പെട്ടു എന്ന് വഫ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ 58 പലസ്തീന്‍കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹീബ്രോണ്‍, നബ്ലുസ്, ജെനിന്‍, ബത്‌ലഹേം എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഗാസയിലെ സാഹചര്യം വളരെ ഗുരുതരമാണെന്നും ലോക രാജ്യങ്ങള്‍ സഹായം നല്‍കണമെന്നും ഐക്യരാഷ്ട്ര സഭാ ഏജന്‍സി ആവശ്യപ്പെട്ടു.
ഗാസയില്‍ 120 പുരുഷന്‍മാരും 63 കുട്ടികളും 37 സ്ത്രീകളുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1500 ലധികം പേര്‍ക്ക് പരിക്കേറ്റു. 58 സ്‌കൂളുകള്‍ അഭയാര്‍ഥി ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട. 72000 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 156 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 725 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ട്.
ഗാസയില്‍ 50 സ്‌കുളുകള്‍ തകര്‍ന്നു. ഇസ്രായേലില്‍ മൂന്ന് സ്‌കൂളുകളും. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമോ അതോ ആക്രമണം തുടരണമോ എന്ന് ഇസ്രായേല്‍ പരിശോധിച്ച് വരികയാണ് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.