ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകം സാമ്ബത്തിക മാന്ദ്യം നേരിടുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും കേന്ദ്ര ബാങ്കുകള്‍ നയങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ സാമ്ബത്തിക വെല്ലുവിളികള്‍ക്ക് സിംഗപ്പൂര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനെതിരായ റഷ്യയുടെ യുദ്ധം സിംഗപൂരിന്റെ കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിന് തടസമായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യം ‘ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം’ പുലര്‍ത്തിയിരുന്നതായി മെയ് ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
‘യുദ്ധത്തിന്റെ ആഘാതം കാരണം സിംഗപ്പൂരുകാരുടെ ജീവിതച്ചെലവ് കൂടിയിട്ടുണ്ട്. ഇന്ധനവില കൂടിയത് കാരണം പ്രതിവര്‍ഷം അതിനായി ചെലവിട്ടിരുന്ന 5.8 ബില്യണ്‍ ഡോളര്‍ എട്ട് ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെയും ചൈനയിലെ കോവിഡ് -19 അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ മാന്ദ്യസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ആഗോള നയരൂപീകരണ വിദഗ്ധര്‍, വിപണി പങ്കാളികള്‍, സാമ്ബത്തിക വിദഗ്ധര്‍, കംപനികള്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ലീയും മാന്ദ്യത്തെ കുറിച്ച് പറഞ്ഞത്.
പണപ്പെരുപ്പം 14 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയിലെത്തിയതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ 5.4 ശതമാനത്തില്‍ നിന്ന് 2022 ല്‍ ആഗോള വളര്‍ച 3.9 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സിംഗപൂരിലെ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
‘യുക്രൈന്‍ അധിനിവേശത്തിന് മുമ്ബേ പണപ്പെരുപ്പം ഒരു പ്രശ്നമായിരുന്നു, എന്നാല്‍ യുദ്ധം അതിനെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു,’ ലീ പറഞ്ഞു. യുദ്ധം ലോകമെമ്ബാടുമുള്ള ഊര്‍ജ പ്രതിസന്ധിക്ക് കാരണമാവുകയും ഭക്ഷ്യ വിതരണം തടസപ്പെടുത്തുകയും ചെയ്തു.
യുക്രൈന്‍ സംഘര്‍ഷം, ചരക്ക് ക്ഷാമം, ചൈനയിലെ ലോക്ഡൗണ്‍ എന്നിവ നയിച്ച ആഗോള സമ്മര്‍ദങ്ങള്‍ക്ക് പുറമേ, സിംഗപൂര്‍ കൂടുതല്‍ ആഭ്യന്തര-കേന്ദ്രീകൃത പ്രശ്‌നങ്ങള്‍ കാണുന്നു, ഇത് പണപ്പെരുപ്പ നടപടികളെ ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നയിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.