ന്യൂയോര്‍ക്ക്: കൊറോണ വ്യാപനത്തില്‍ നിന്ന് ലോകം രക്ഷപെട്ടെന്ന് കരുതരുതെന്നും വരാനിരിക്കുന്ന വകഭേദം ആഞ്ഞടിക്കുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകനായിരുന്ന ബില്‍ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റയും ഒമിക്രോണും കാര്യമായ ചലനമൊന്നും ലോകത്തില്‍ ഉണ്ടാക്കിയില്ല. എന്നാല്‍ വരാനിരിക്കുന്ന വകഭേദം വലിയ രീതിയില്‍ ബാധിക്കുമെന്നും വന്‍ദുരന്തം വിതയ്‌ക്കുമെന്നുമാണ് സേവനരംഗത്ത് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്.
‘കൊറോണ ഇല്ലാതായിട്ടില്ല. ഇനിയും വകഭേദങ്ങള്‍ രൂപപ്പെട്ടുകൊണ്ടേയിരിക്കും. ഇതുവരെയുണ്ടായ ഡെല്‍റ്റയോ ഒമിക്രോണോ ആഗോളതലത്തില്‍ വലിയ ദുരന്തം വിതച്ചിട്ടില്ല. എന്നാല്‍ ഇനി വരാനിരിക്കുന്ന വകഭേദം വന്‍ദുരന്തം വിതയ്‌ക്കും.’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
മഹാമാരി നിലവിലെ മനുഷ്യരുടെ പ്രതിരോധ ശേഷിയെ പരീക്ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. ഇനി വേണ്ടത് ആഗോളതലത്തിലെ വിദഗ്ധര്‍ ഒന്നിച്ച് അതിനെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കണം. ലോകത്തിലെവിടെ വകഭേദം പ്രത്യക്ഷപ്പെട്ടലും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനങ്ങളെടുക്കാനാകണം. ലോകാരോഗ്യസംഘടന കാര്യമായ ഫണ്ട് ശേഖരണം നടത്തണമെന്നും മഹാമാരികളെ തടയാന്‍ ആവശ്യമായ തുക മാറ്റിവയ്‌ക്കണമെന്നും ബില്‍ ഗേറ്റ്‌സ് അഭ്യര്‍ത്ഥിച്ചു.