മോസ്‌കോ: മെയ് 9ന് വിജയ ദിനം ആഘോഷിക്കാനിരിക്കേ യുക്രെയ്‌ന് നേരെ നടത്തുന്നത് യുദ്ധമല്ലെന്ന വാദവുമായി റഷ്യ.
യുക്രെയ്‌നില്‍ നടത്തുന്നത് യുദ്ധമല്ലെന്നും സാധാരണ നിലയിലെ സൈനിക മുന്നേറ്റമാണെന്നുമുള്ള വിചിത്രവാദമാണ് റഷ്യ നടത്തുന്നത്.
വിജയ് ദിനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്ത് പ്രസ്താവന നടത്തുമെന്നത് നിര്‍ണ്ണായകമാണ്. നിലവിലെ യുക്രെയ്‌നെതിരായ ആക്രമണങ്ങള്‍ തുടരുമോ അതോ മറ്റേതെങ്കിലും തരത്തിലേക്ക് ആക്രമണ ശൈലി മാറ്റുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
മെയ് 9 ലെ വിജയ ദിനാചരണത്തില്‍ യുക്രെയ്‌നെതിരെ ആക്രണം കടുപ്പിക്കാന്‍ പുടിന്‍ നിര്‍ദ്ദേശിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ജര്‍മ്മനിയുടെ നാസിപടയേയും രണ്ടാം ലോകമഹായുദ്ധത്തിലെ വിജയവും ആഘോഷിക്കുന്ന വിജയ ദിനത്തില്‍ യുക്രെയ്‌നെതിരെ അവസാന മുന്നേറ്റത്തിന് സൈന്യത്തോട് നിര്‍ദ്ദേശിക്കുമെന്ന ശക്തമായ സൂചനയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്.