കീവ് : യുക്രൈനിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നു. കീവിലെ പഴയ കെട്ടിടത്തിലാണ് എംബസി പുനരാരംഭിക്കുക.
അധികം വൈകാതെ, മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കി എംബസി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മെയ് 17 മുതല്‍ ആണ് എംബസി തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനെ തുടര്‍ന്നാണ് എംബസി യുക്രൈനിലെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. പിന്നീട്, മാര്‍ച്ച് 13 മുതല്‍ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോവിലേക്ക് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു.