കാബൂള്‍: മതഭരണത്തിന്റെ കീഴില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ അടിച്ചമര്‍ത്തരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദ്ദേശം തള്ളി താലിബാന്‍.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയാണ് സ്ത്രീകള്‍ക്കു മേലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റാന്‍ താലിബാനോട് ആവശ്യപ്പെട്ടത്.
എന്നാല്‍, ഐക്യരാഷ്ട്ര സംഘടനയുടെ ഈ പ്രഖ്യാപനത്തില്‍ കഴമ്ബില്ലെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു താലിബാന്റെ കണ്ടെത്തല്‍.
അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ പറ്റി താലിബാന്‍ തികച്ചും ബോധവാന്മാരാണെന്നും അതിനാല്‍ തന്നെ, സുരക്ഷാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളുന്നതായും വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സുരക്ഷാസമിതി താലിബാനോട് ആവശ്യപ്പെട്ടത്.