ഉത്തരകൊറിയയുടെ (North Korea) മുന്‍ ആശയപ്രചാരക തലവന്‍ കിം കി നാമിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍. കിം കി നാമിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് കിം കി നാം അന്തരിച്ചത്. 2022 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. 94 വയസ്സായിരുന്നു.
ബുധനാഴ്ചയോടെ സംസ്‌കാര ചടങ്ങ് നടക്കുന്ന ഹാളിലേക്ക് കിം ജോങ് ഉന്‍ എത്തി. തുടര്‍ന്ന് അന്തരിച്ച നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയുടെ ആശയ പ്രചാരണ വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളാണ് അന്തരിച്ച കിം കി നാം. 1970കളില്‍ രാജ്യത്തെ പ്രധാന മുഖപത്രമായ റോഡോംഗ് സിന്‍മണിന്റെ നേതൃസ്ഥാനത്തും ഇദ്ദേഹം എത്തി.
കിം ഇല്‍ സംഗ് സ്ഥാപിച്ച കിം വംശം കഴിഞ്ഞ 3 തലമുറകളായി ഉത്തരകൊറിയ ഭരിച്ചു വരികയാണ്. പെക്റ്റു പരമ്പര (Paektu bloodline) എന്നാണ് കിം കുടുംബത്തെ ജനങ്ങള്‍ ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്യുന്നത്. കിം ജോങ് ഇലിന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന രാജ്യത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിന്റെ പേരുകൂടിയാണിത്.
2015ല്‍ ഇന്നത്തെ ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ കിം കി നാം പങ്കെടുത്തിരുന്നു. അന്ന് എണ്‍പത് വയസ്സ് കഴിഞ്ഞ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കിം ജോങ് ഉന്നിന്റെ വാക്കുകള്‍ ഡയറിയില്‍ കുറിക്കുന്ന ചിത്രം രാജ്യത്തെ പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു.
ഉത്തര കൊറിയയുടെ ‘ഗീബല്‍സ്’
നാസി ആശയ പ്രചാരകനായിരുന്ന പോള്‍ ജോസഫ് ഗീബല്‍സിന്റെ ഉത്തര കൊറിയന്‍ പതിപ്പാണ് കിം കി നാം എന്നാണ് പറയപ്പെടുന്നത്. കിം കുടുംബത്തിന്റെ എല്ലാ ആശയ പ്രചാരണത്തിന്റെയും ബുദ്ധി കേന്ദ്രം കിം കി നാം ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
2010ലാണ് ആശയപ്രചാരക തലവന്‍ എന്ന സ്ഥാനത്ത് നിന്ന് ഇദ്ദേഹം വിരമിച്ചത്. ഈ പദവിയിലേക്ക് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് എത്തുകയും ചെയ്തു.
2009ല്‍ ദക്ഷിണ കൊറിയയുടെ മുന്‍ ഡോവിഷ് പ്രസിഡന്റ് കിം ഡേ ജംഗിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഉത്തരകൊറിയന്‍ പ്രതിനിധി സംഘത്തെ നയിച്ചതും കിം കി നാം ആയിരുന്നു.
2000ല്‍ കിം ഡേ ജംഗ് ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിലവിലെ ഭരണാധികാരിയായ കിം ജോംഗ് ഉന്നിന്റെ പിതാവായ കിം ജോംഗ് ഇലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.