ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യുഎസ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള കാംപെയ്‌നിന്റെ ഭാഗമാണിതെന്നും റഷ്യ ആരോപിച്ചു. ഇന്ത്യയില്‍ നടക്കുന്ന പൊതുപാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഉറപ്പായും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമാണെന്നും സഖരോവ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ശ്രമിച്ച യുഎസ് ഏജന്‍സിയെ കുറ്റപ്പെടുത്തി ഇന്ത്യ
ഒരു വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി രാജ്യത്തിനെതിരായി പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചതിന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മിഷനെ (യുഎസ്‌സിഐആര്‍എഫ്) ഇന്ത്യ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യയെ വിമര്‍ശിച്ച യുഎസ്‌സിഐആര്‍എഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിനോട് അസാധാരണമായ വിധം അതിരൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ് യുഎസ്‌സിഐആര്‍എഫ് എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.
‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്‍ ഒരു രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയായാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാര്‍മ്മികത മനസ്സിലാക്കാന്‍ പോലും യുഎസ്‌സിഐആര്‍എഫ് ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല’’ അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള അവരുടെ ശ്രമം ഒരിക്കലും വിജയിക്കില്ല, പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയ്‌സ്വാള്‍ വ്യക്തമാക്കി. തങ്ങളുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിൽ മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ ആരോപിച്ച് യുഎസ് സിഐആര്‍എഫ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.
മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയെ കണ്‍ട്രി ഓഫ് പര്‍ട്ടികുലര്‍ കണ്‍സേണില്‍(Country of Particular Concern -CPC) പ്രഖ്യാപിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിവേചനപരമായി ദേശീയവാദ നയങ്ങള്‍ ശക്തിപ്പെടുത്തിയെന്നും സംഘടന അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.