അസർബൈജാൻ പ്രസിഡൻ്റുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2017ൽ അസർബൈജാൻ പ്രസിഡൻ്റ് തൻ്റെ ഭാര്യയെ രാജ്യത്തിൻ്റെ വൈസ് പ്രസിഡൻ്റായി നിയമിച്ചതായിരുന്നു വാർത്ത. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു സംഭവമായിരുന്നു ഇത്. 2003ൽ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം മുൻ പ്രസിഡൻ്റ് ഹെയ്‌ദർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മകൻ ഇൽഹാം അലിയേവ് അസർബൈജാൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2017ന് മുമ്പ് അസർബൈജാനിൽ വൈസ് പ്രസിഡൻ്റ് എന്ന ഒരു സ്ഥാനം തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പ്രസിഡൻ്റ് ഇൽഹാം അലിയേവ് രാഷ്ട്ര പുരോഗതിക്കായി വൈസ് പ്രസിഡൻ്റ് എന്ന പദവി സൃഷ്ടിക്കുകയും ആ സ്ഥാനം തൻ്റെ ഭാര്യ മെഹ്‌രിബാൻ അലിയേവയ്ക്ക് വാഗ്ദാനം ചെയ്യുകയുമായിരുന്നു.
രാജ്യത്തിൻ്റെ നിലവിലെ വൈസ് പ്രസിഡൻ്റ് മെഹ്‌രിബാൻ അലിയേവ ഒരു നേത്രരോഗ വിദഗ്ധയാണ്. വൈസ് പ്രസിഡൻ്റായതിനുശേഷം അസർബൈജാൻ ചരിത്രത്തിലും മെഹ്‌രിബാന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു. രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡൻ്റാണ് മെഹ്‌രിബാൻ അലിയേവ. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ചില പ്രധാന ഉത്തരവാദിത്തങ്ങളും അവർക്ക് നൽകിയിട്ടുണ്ട്. ഹെയ്ദർ അലിയേവ് ഫൗണ്ടേഷൻ്റെ ഹെഡും മെഹ്‌രിബാൻ അലിയേവയാണ്. രാഷ്ട്ര നിർമ്മാണത്തിന് സംഭാവന നൽകുകയും രാജ്യത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണിത്. അസർബൈജാൻ കൾച്ചർ ഫ്രണ്ട്‌സ് ഫൗണ്ടേഷൻ്റെ പ്രസിഡൻ്റ് കൂടിയാണ് മെഹ്‌രിബാൻ.
1983ലാണ് മെഹ്‌രിബാൻ അലിയേവയും ഇൽഹാം അലിയേവും വിവാഹിതരായത്. പ്രസിഡൻ്റിനെ തന്നെ വിവാഹം കഴിച്ച ലോകത്തിലെ ഏക വൈസ് പ്രസിഡൻ്റാണ് മെഹ്‌രിബാൻ. 19 വയസ്സിലാണ് മെഹ്‌രിബാൻ, ഇൽഹാം അലിയെവിനെ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മെഹ്‌രിബാൻ. അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ അവർ നടപ്പിലാക്കുന്ന പ്രോജക്ടുകളുമായും പ്ലാനുകളുമായും ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മെഹ്‌രിബാന് ഒരു മില്യണിലധികം ഫോളോവേഴ്‌സും ഉണ്ട്.
മെഹ്‌രിബാൻ അലിയേവയ്ക്ക് മുമ്പ് അർജൻ്റീനയുടെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ഭാര്യാഭർത്താക്കന്മാരായിരുന്നു. ജുവാൻ പെറോണ പ്രസിഡൻ്റായിരിക്കുമ്പോൾ, അർജൻ്റീനയുടെ വൈസ് പ്രസിഡൻ്റ് അദ്ദേഹത്തിൻ്റെ ഭാര്യ ഇസബെൽ പെറോണായിരുന്നു. പ്രസിഡൻ്റ് ജുവാന്റെ മരണശേഷം വൈസ് പ്രസിഡൻ്റായിരുന്ന ഇസബെൽ അർജൻ്റീനയുടെ പ്രസിഡൻ്റായി. വടക്കേ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തമ്മിൽ വിവാഹിതരായിരുന്നു. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ – റൊസാരിയോ മുറില്ലോയെ 2016ലാണ് വിവാഹം കഴിച്ചത്.