70 വര്‍ഷത്തോളം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി സേവനം അനുഷ്ഠിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയ യുഎസ് സ്വദേശിനി ബെറ്റി നാഷ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി സേവനം അനുഷ്ടിച്ചതിനാണ് ബെറ്റി ലോക റെക്കോഡ് സ്വന്തമാക്കിയത്. ബെറ്റിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സും അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു.‘‘ബെറ്റി നാഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിമാനയാത്രയില്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഊഷ്മളമായി പരിചരിക്കുന്നതിന് ഴ് പതിറ്റാണ്ടോളമാണ് അവര്‍ ചെലവഴിച്ചത്. 1957ലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ കാലം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി സേവനം അനുഷ്ഠിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോഡ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ തലമുറയില്‍പ്പെട്ട ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ അവര്‍ പ്രചോദിപ്പിച്ചിട്ടുണ്ട്,’’ അമേരിക്കന്‍ എയര്‍ലൈന്‍സ് എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു.
‘‘ആറ് പതിറ്റാണ്ടിലേറെ നിന്ന് കരിയറാണ് ബെറ്റിയുടേത്. ഈ കാലയളവില്‍ അവര്‍ തന്റെ ഊഷ്മളമായ പെരുമാറ്റവും അര്‍പ്പണബോധവും സമാനതകളില്ലാത്ത സേവനവും കൊണ്ട് എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചു. പറക്കാനുള്ള അവരുടെ അഭിനിവേശവും യാത്രക്കാരോടുള്ള പ്രതിബദ്ധതയും ശരിക്കും പ്രചോദിപ്പിക്കുന്നതായിരുന്നു. ബെറ്റിയുടെ പൈതൃകം ഏവിയേഷന്‍ കമ്യൂണിറ്റിയിലും അവളെ അറിയുന്ന എല്ലാവരും എന്നും ഓര്‍മിക്കും,’’ യുഎസിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
1957 നവംബര്‍ നാലിനാണ് ബെറ്റി തന്റെ കരിയര്‍ ആരംഭിച്ചത്. വിമാനയാത്രയോടുള്ള പ്രണയവും ഗ്ലാമറുമാണ് തന്നെ അതിലേക്ക് ആകര്‍ഷിച്ചതെന്ന് ഒരിക്കല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബെറ്റി പറഞ്ഞിരുന്നു. ബെറ്റി അമേരിക്കന്‍ എയര്‍ലൈന്‍സിലെ ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ലെന്നും മേയ് 17ന് ചികിത്സയിലിരിക്കെയാണ് അവര്‍ മരിച്ചതെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ഏറ്റവും കൂടുതല്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി സേവനം ചെയ്തതിന് 2022-ലാണ് ബെറ്റിയ്ക്ക് ലോക റെക്കോഡ് ലഭിക്കുന്നത്. സാങ്കേതിക വിദ്യ വ്യോമയാനരംഗത്തെ എങ്ങനെ മാറ്റി മറിച്ചതെന്ന് അഭിമുഖത്തില്‍ ബെറ്റി വിവരിച്ചു. പേപ്പറുകള്‍ക്ക് പകരം ടാബ്ലെറ്റുകള് വന്നതാണ് ഏറ്റവും വലിയ മുന്നേറ്റമെന്ന് അവര്‍ പറഞ്ഞു.