Saturday, September 7, 2024

HomeWorldജൂണ്‍ നാലിന് ഉത്തരകൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിക്കും: നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്ക

ജൂണ്‍ നാലിന് ഉത്തരകൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിക്കും: നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്ക

spot_img
spot_img

സോള്‍: ജൂണ്‍ നാലിന് ഉത്തരകൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപഗ്രവിക്ഷേപണത്തിനുള്ള ലോഞ്ച് വിന്‍ഡോ ഞായറാഴ്ച രാത്രി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ മുനമ്പിനും ഫിലിപ്പീന്‍സ് ദ്വീപായ ലുസോനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങള്‍ അപകടമേഖലയായി ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോങ് ഉന്നിനോട് ആവശ്യപ്പെടാന്‍ യുഎസ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവര്‍ തമ്മില്‍ ധാരണയായി.

2023 നവംബറില്‍ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്യോങ്യാങ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മേഖലയിലെ യുഎസ് സാന്നിധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണമെന്നാണ് പ്യോങ്യാങ് പറയുന്നത്.

വൈറ്റ്ഹൗസ്, പെന്റഗണ്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ഉപഗ്രഹം പകര്‍ത്തിയതായും അവര്‍ അവകാശപ്പെടുന്നു. ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണകൊറിയന്‍ മേഖലയില്‍നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഉപഗ്രഹത്തിലൂടെ പ്യോങ്യാങ്ങിന് ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്നുമാണ് സോളിന്റെ ഭീതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments