വത്തിക്കാന്‍:കത്തോലിക്കാ സഭയുടെ ഇരുനൂറ്റിയറുപത്തിയേഴാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ആശംസകൾ അറിയിച്ചുകൊണ്ട്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജാ മെലോണി ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചുവെന്ന് പലാറ്റ്സോ കിജിയിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു. വത്തിക്കാൻ വാർത്താകാര്യാലയവും ഇത് സ്ഥിരീകരിച്ചു. പത്രോസിനടുത്ത ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക്, തന്റെ വ്യക്തിപരവും, ഇറ്റാലിയൻ ജനതയുടേതുമായ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ക്രിസ്തുവിന്റെ വികാരിയും ഇറ്റാലിയൻ രാഷ്ട്രവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെയും പരാമർശിച്ചു.
ആയുധങ്ങൾ ഉപയോഗിക്കുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സംഭാഷണം ഉൾച്ചേർത്തുകൊണ്ടുള്ള സമാധാനത്തിനും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ശ്രമങ്ങളെ ഇറ്റാലിയൻ രാഷ്ട്രം അഭിനന്ദിക്കുന്നുവെന്നും, പിൻതുണയ്ക്കുന്നുവെന്നും സംഭാഷണത്തിൽ മെലോണി അടിവരയിട്ടു.
നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ, മനുഷ്യന്റെ ധാർമ്മിക വികസനത്തിനും സേവനത്തിനുമായി പരിശുദ്ധ സിംഹാസനം നടത്തുന്ന പരിശ്രമങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയും പ്രധാനമന്ത്രി പാപ്പായെ അറിയിച്ചു. കഴിഞ്ഞ മെയ് 10 ന് കർദ്ദിനാൾമാരുമായുള്ള കൂടിക്കാഴ്ചയിൽ ലിയോ പതിനാലാമൻ പാപ്പാ, നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തെ പറ്റി പ്രത്യേകം പരാമർശിച്ചിരുന്നു. ജി 7 രാജ്യങ്ങളുടെ കൂടിക്കാഴ്ച്ചയിലും, നിർമ്മിതബുദ്ധിയുടെ കാലഘട്ടം മുൻപോട്ടുവയ്ക്കുന്ന വെല്ലുവിളികളും, മനുഷ്യാന്തസ് സംരക്ഷിക്കേണ്ടതിന്റെയും, നീതിയുക്തമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകതയും പ്രധാന ചർച്ചാവിഷയങ്ങൾ ആയിരുന്നു.