ടോക്കിയോ: ജപ്പാനെയും ജപ്പാന്‍റെ ടൂറിസം മേഖലയെയും പിടിച്ചുലച്ച് പ്രവചനവുമായി ജപ്പാന്റെ ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്ന റിയോ തത്സുകി. 2025 ജൂലൈയില്‍ ജപ്പാനില്‍ വലിയൊരു ദുരന്തമാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. പിന്നാലെ ജപ്പാന്‍റെ ടൂറിസം മേഖലയും അവതാളത്തിലായി. പലരും ജപ്പാനിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും പ്രവചനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് ജപ്പാന്റെ ‘പുതിയ ബാബ വാംഗ’.
എല്ലാ വര്‍ഷാവസാനലും പ്രവചനങ്ങളുമായി എത്താറുള്ള ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. വർഷങ്ങളായി താൻ നേടി എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന സ്വന്തം ‘ദര്‍ശനങ്ങളുടെ’ സമാഹാരമായ ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകം 1999 ൽ പുറത്തിറങ്ങിയതോടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്. 2011 മാർച്ചിൽ ജപ്പാന്റെ വടക്കൻ തോഹോകു മേഖലയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പവും സുനാമിയുമടക്കം താന്‍ പ്രവചിച്ച അതേ വര്‍ഷം, അതേമാസം നടന്നെന്നാണ് ഇവരുടെ അവകാശവാദം. 1995-ലെ കോബെ ഭൂകമ്പവും ഇതിഹാസ സംഗീതജ്ഞൻ മെർക്കുറിയുടെ മരണവും മുന്‍കൂട്ടികണ്ടതായി പുസ്തകത്തിലുണ്ട്.
2021 ല്‍ ഈ പുസത്കം പുതിയ പതിപ്പായി വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിലാണ് 2025 ജൂലൈയിൽ മഹാദുരന്തം സംഭവിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്. ജപ്പാനും ഫിലിപ്പീൻസിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011-ലെ തോഹോകു ദുരന്തത്തിൽ കണ്ടതിനേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമികൾ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രവചനമെന്ന് സിഎൻഎന്നിന്റെയും മറ്റ് മാധ്യമ റിപ്പോർട്ടുകളും പറയുന്നു. ജപ്പാനിലെ സമുദ്രങ്ങൾ തിളച്ചുമറിയുമെന്ന് ഇവരുടെ പ്രവചനത്തിലുണ്ട് ഇത് വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.
എന്തായാലും ‘പുതിയ ബാബ വാംഗയുടെ പ്രവചനങ്ങള്‍ക്ക് ഇരയായത് ജപ്പാന്‍റെ ടൂറിസം മേഖലയാണെന്ന് വേണം കരുതാന്‍. പ്രവചനത്തിന് പിന്നാലെ ബുക്കിങുകള്‍ ആളുകള്‍ കൂട്ടമായി ക്യാന്‍സല്‍ ചെയ്യാന്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോംഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ WWPKG യുടെ കണക്കനുസരിച്ച് ഈസ്റ്റർ അവധിക്കാലത്ത് ജപ്പാനിലേക്കുള്ള ബുക്കിംഗുകൾ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. റിയോ തത്സുകിയുടെ പ്രവചന തീയ്യതി അടുക്കുന്തോറും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. വിമാനക്കമ്പനികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെല്ലാം വരാനിരിക്കുന്ന നഷ്ടങ്ങൾക്കായി തയ്യാറെടുക്കുകയാണ്.
ടോക്കിയോയിലെ ചൈനീസ് എംബസിയുടെ മുന്നറിയിപ്പുകളും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിലിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ജപ്പാനിലെ ചൈനീസ് പൗരന്മാർ പ്രകൃതി ദുരന്തങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് യാത്രക്കാർക്കിടയിൽ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജപ്പാന്റെ തീരപ്രദേശത്ത് അടുത്തിടെയുണ്ടായ ഭൂചലനങ്ങളും വർദ്ധിച്ചുവരുന്ന അഗ്നിപർവ്വത പ്രവർത്തനങ്ങളുമാണ് ചൈനീസ് സർക്കാരിന്റെ മുന്നറിയിപ്പിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മുന്നറിയിപ്പ് റിയോ തത്സുകിയുടെ പ്രവചനങ്ങളെ പരോക്ഷമായി അംഗീകരിക്കുന്നതായാണ് പലരും വ്യാഖ്യാനിക്കുന്നത്. അതേസമയം, ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) 2025 ജൂലൈയിലേക്ക് പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.