സൂറിക് ലോകത്തെ ശക്തരായ രാജ്യങ്ങളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ കണ്ടുമുട്ടും. യൂറോപ്യന്‍ പര്യടനത്തിലുള്ള ബൈഡന്‍ ഇന്നേ ജനീവയില്‍ എത്തും. പുടിന്‍ നാളെയും. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാര്‍ക്കിലെ 18 നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയാവുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ അത്ര രസത്തിലല്ല. കഴിഞ്ഞ ദിവസങ്ങളിലും ഇഷ്ടക്കേടുകള്‍ ഇരുകൂട്ടരും പ്രകടിപ്പിച്ചിരുന്നു. ഒരു മേശക്ക് ചുറ്റും ഇരുന്ന് കാര്യങ്ങള്‍ പറയാന്‍ ജനീവയെ എന്തുകൊണ്ട് ഇവര്‍ തിരഞ്ഞെടുത്തു?
ന്യൂയോര്‍ക്കിനുശേഷം യുഎന്നിന്റെ അടുത്ത പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയില്‍ ജനീവയില്‍ ഇരു രാജ്യങ്ങള്‍ക്കും സ്ഥിരമായി വിപുലമായ നയതന്ത്ര സംഘവും സംവിധാനങ്ങളുമുണ്ട്. ഇരു രാജ്യങ്ങളുടെയും മിഷനുകള്‍ ജനീവയില്‍ നിരവധി രാജ്യാന്തര ദൗത്യങ്ങള്‍ നടത്തി പരിചയമുള്ളവരാണ്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരും ആതിഥേയ രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇത്തരം യോഗങ്ങളില്‍ അങ്ങേയറ്റം പ്രാധാന്യമുണ്ട്. സിറിയ, യെമന്‍, ലിബിയ സമ്മേളനങ്ങള്‍ക്കും ഇറാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കും ജെനീവ അടുത്തകാലത്തു വേദിയായിട്ടുണ്ട്. ശീതയുദ്ധകാലത്ത്, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിഖായേല്‍ ഗോര്‍ബച്ചേവും 1985 ല്‍ കണ്ടുമുട്ടിയതും ഈ നഗരത്തിലാണ്.
റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധത്തില്‍ അണിചേരാത്തതിനാല്‍ ക്രെംലിന് സ്വിറ്റ്സര്‍ലന്‍ഡിനെ സ്വീകാര്യമാണ്. ഹോളോകോസ്റ്റ് ഫണ്ടുകളും സ്വിസ്സ് ബാങ്കിംഗ് രഹസ്യവും ഉഭയകക്ഷി കാലാവസ്ഥയെ പ്രക്ഷുബ്ധമാക്കിയിരുന്ന യുഎസ് കാഴ്ച്ചപ്പാടുകളിലും മാറ്റം വന്നു. ചുരുക്കത്തില്‍ മോസ്‌കോയ്ക്കും വാഷിങ്ടനും യൂറോപ്പിലെ മികച്ച ഓപ്ഷന്‍ ജനീവയായിരുന്നു.
രാജ്യാന്തര തര്‍ക്കങ്ങളുടെ പരിഹാരചര്‍ച്ചകളുടെ ആതിഥേയത്വം വഹിക്കുന്നത് ഈ ചെറു രാജ്യത്തിന് നയതന്ത്ര ലോകത്ത് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. വിസ്തൃതിയില്‍ കേരളത്തിന്റെ വലിപ്പമേ ഉള്ളെങ്കിലും സ്വിസ്സ് പ്രസിഡന്റും വിദേശകാര്യമന്ത്രിയും ജനീവയില്‍ ബൈഡനും പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തും.