രാജ്യത്തിന്റെ അക്കാദമിക മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നില നിൽക്കുന്ന ബഹിഷ്കരണത്തെ മറികടക്കുന്നതിനായി 24.5 മില്യൺ അമേരിക്കൻ ഡോളർ അനുവദിച്ച് ഇസ്രായേൽ. ശാസ്ത്ര വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ഗവേഷകരെ രാജ്യത്തിന്റെ അക്കാദമിക മേഖലയിലേക്ക് ആകർഷിക്കുകയുമാണ് പുതിയ പദ്ധതിയുടെ ഉദ്ദേശം.
ആകെ അനുവദിച്ച ഫണ്ടിൽ ഇന്നൊവേഷൻ മന്ത്രാലയത്തിന് 13.6 മില്യൺ ഡോളറാണ് ലഭിക്കുക. ഇതിൽ ഭൂരിഭാഗവും ദ്വിരാഷ്ട്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ബാക്കി തുക അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നീക്കി വയ്ക്കും. വിദ്യാഭാസ ഗവേഷണ മന്ത്രാലയത്തിന് 8.9 മില്യൺ ഡോളർ ലഭിക്കും.
അന്താരാഷ്ട്രവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ഇസ്രായേലിലെ ഗവേഷണ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക വഴി ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ധനസഹായം വർധിപ്പിക്കുകയും ഇസ്രായേലിലേക്ക് ഗവേഷകരെയും വിദ്യാർത്ഥികളെയും ആകർഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
വിദേശ സ്ഥാപനങ്ങളുടെ മാനേജ്‌മെൻ്റുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി വിദ്യാർത്ഥികൾക്കായി പൊതുവായ കോഴ്‌സുകൾ നടപ്പിലാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.