ചാരവൃത്തി ആരോപണത്തിൽ മുൻ ബ്രിട്ടീഷ് നാവികസേനാ ഉദ്യോഗസ്ഥൻ ദുബായിൽ അറസ്റ്റിൽ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച മാറ്റ് ക്രൗച്ചറാണ് (40) ഏഴ് മാസമായി ദുബായിൽ തടവിൽ കഴിയുന്നത്. കഴിഞ്ഞ നവംബറിലാണ് ക്രൗച്ചർ അറസ്റ്റിലാകുന്നത്. അഫ്ഗാനിസ്ഥാനിലെ സേവനത്തിന് 2008ൽ ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ജോർജ്ജ് ക്രോസ്സ് നേടിയ ഉദ്യോഗസ്ഥനാണ് ക്രൗച്ചർ. നിയമ വിരുദ്ധമായി ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കിലേക്കുള്ള കടന്നു കയറ്റമാരോപിച്ചാണ് ക്രൗച്ചറിനെ അറസ്റ്റ് ചെയ്തത്. യുകെ പ്രതിരോധ മന്ത്രാലയവുമായുള്ള ബന്ധത്തെക്കുറിച്ച് ക്രൗച്ചറിനെ ചോദ്യം ചെയ്തതായാണ് വിവരം.
എന്നാൽ ചാരവൃത്തി ആരോപണവുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ആരോപണങ്ങളെ തള്ളി ക്രൗച്ചറിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. തങ്ങൾ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതും പരിഹാസ്യവുമാണെന്നും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. കൂടാതെ ഈ കേസിൽ മുന്നോട്ടുള്ള നടപടികളെടുക്കാൻ ദുബായ് ഭരണകൂടം ഇത്രയധികം വൈകുന്നതെന്തുകൊണ്ടാണെന്നും കുടുംബം ചോദിക്കുന്നു. 2014 മുതൽ 2021 വരെ ദുബായിൽ താമസിച്ചുകൊണ്ട് സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതർക്കൊപ്പം ക്രൗച്ചർ പ്രവർത്തിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് താലിബാൻ സ്ഥാപിച്ച ഗ്രനേഡിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിക്കാൻ ക്രൗച്ചർ തയ്യാറായതാണ് വിക്ടോറിയ ക്രോസിനൊപ്പം ജോർജ്ജ് ക്രോസ്സിനും ക്രൗച്ചറിനെ അർഹനാക്കിയത്. അതേസമയം ക്രൗച്ചറിനെ തങ്ങൾ വേണ്ട വിധം സഹായിക്കുന്നുണ്ടെന്നും യുഎഇയിലെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുകെ വിദേശകാര്യ വക്താവ് പറഞ്ഞു. മനുഷ്യാവകാശങ്ങളിൽ യുഎഇയുടെ നിലപാടിനെ മനുഷ്യാവകാശ സംഘടനകൾ മുൻപും വിമർശിച്ചിട്ടുണ്ട്.