ലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക്സ് വിൽക്കുന്നത് നിരോധിക്കുമെന്ന് ലേബർ പാർട്ടി. റെഡ്ബുൾ, മോൺസ്റ്റർ തുടങ്ങിയ എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം പെട്ടന്നുള്ള ഹൃദയാഘാതത്തിനും മാനസികാരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്നതിനാൽ തങ്ങൾ അധികാരത്തിൽ വന്നാൽ അവയുടെ വിൽപ്പന നിരോധിക്കുമെന്ന് പാർട്ടി പറഞ്ഞു. എന്നാൽ കൊക്കകോളയും ലൂക്കോസാഡും നിയന്ത്രണത്തിന്റെ പരിധിയിൽ വരില്ല.
ഈ നിർദേശത്തെ ടി.വി ഷെഫ് ജാമി ഒലിവർ സ്വാഗതം ചെയ്തു. ‘എനർജി ഡ്രിങ്കുകൾ പതിനാറ് വയസിന് താഴെയുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിൻ്റെ വിൽപന തടയുന്നത് മികച്ച തീരുമാനമാണ്,’ അദ്ദേഹം പറഞ്ഞു. യു.കെയിലെ മിക്ക സൂപ്പർമാർക്കറ്റുകളും 16 വയസിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് സ്വമേധയാ നിരോധിച്ചിട്ടുണ്ട്.
ജനുവരിയിൽ വന്ന ഒരു പഠനത്തിൽ എനർജി ഡ്രിങ്കുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് യു.കെയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ആത്മഹത്യ, ഹൃദയാഘാതം തുടങ്ങിയ പ്രശ്ങ്ങൾ ഇത് കുട്ടികളിലുണ്ടാക്കുമെന്ന് പഠനത്തിൽ പറഞ്ഞിരുന്നു.
150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയ പാനീയങ്ങൾ 16 വയസിന് താഴെയുള്ളവർക്ക് വിൽക്കുന്നത് തടയാനാണ് ലേബർ പാർട്ടി തീരുമാനിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിനോട് ബ്രിട്ടീഷ് സോഫ്റ്റ് ഡ്രിങ്ക്സ് അസോസിയേഷൻ പ്രതികരിച്ചു.
‘ഞങ്ങൾക്കിതിൽ ദീർഘകാല പരിചയം പരിചയം ഉണ്ട്. എനർജി ഡ്രിങ്കുകൾ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നതിനോട് ഞങ്ങൾക്കും താത്പര്യമില്ല . ഞങ്ങൾ ഒരിക്കലും ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങൾ കുട്ടികൾക്ക് വിൽക്കാൻ ശുപാർശ ചെയ്യില്ല. പതിനാറ് വയസിന് താഴെയുള്ളവർക്ക് ദോഷമാണെന്ന് പറഞ്ഞുള്ള ഒരു ലേബൽ ഇത്തരം എനർജി ഡ്രിങ്കുകൾക്ക് മുകളിൽ നൽകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതവർക്ക് ദോഷമാണെന്ന് കുട്ടികൾ സ്വമേധയാ മനസിലാക്കട്ടെ . ലേബർ പാർട്ടിയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,’ ബ്രിട്ടീഷ് സോഫ്റ്റ് ഡ്രിങ്ക്സ് അസോസിയേഷൻ പറഞ്ഞു.