Wednesday, July 3, 2024

HomeNewsIndiaരാമസേതുവിൻെറ മനോഹരദൃശ്യം; ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ഏജൻസി

രാമസേതുവിൻെറ മനോഹരദൃശ്യം; ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ഏജൻസി

spot_img
spot_img

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന രാമസേതുവിൻെറ ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ സ്പേയ്സ് ഏജൻസി (ഇഎസ്എ). കോപ്പർനിക്കസ് സെൻ്റിനൽ-2 എന്ന ഉപഗ്രഹമാണ് ആദാമിൻെറ പാലമെന്നും അറിയപ്പെടുന്ന ഈ നിർമ്മിതിയുടെ ചിത്രങ്ങൾ പകർത്തിയത്. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്ത് രാമേശ്വരം ദ്വീപ് മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപ് വരെയാണ് ഈ മേഖല വ്യാപിച്ച് കിടക്കുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവിന് ഏകദേശം 48 കിലോമീറ്റർ ദൂരമാണുള്ളത്.

പാക്ക് കടലിടുക്കിൽ നിന്ന് മാന്നാർ ഉൾക്കടലിനെ വേർതിരിക്കുന്നതും ഈ ഭാഗമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു പ്രവേശന കവാടം പോലെയാണ് മാന്നാർ ഉൾക്കടൽ ഉള്ളത്. സമാനമായ രീതിയിൽ വടക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലിൻ്റെ ഒരു പ്രവേശന കവാടമാണ് പാക്ക് കടലിടുക്ക്. ഈ ഭൂഭാഗം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് പല തരത്തിലുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ചിരുന്ന ഒരു ഭൂപ്രദേശത്തിൻ്റെ അവശിഷ്ടങ്ങളായിരിക്കാം ഈ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഈ തിട്ടയെന്നാണ് ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത്. ചരിത്രരേഖകൾ പറയുന്നത് അനുസരിച്ച് 15ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് ഈ പ്രകൃതിദത്തമായ പാലത്തിലൂടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചിരുന്നു. കൊടുങ്കാറ്റും പ്രളയവുമൊക്കെ കാരണം ഇതിന് ബലക്ഷയം വരികയും കുറേയൊക്കെ തകർന്ന് പോവുകയും ചെയ്തതാവാമെന്നും കരുതുന്നു.

രാമസേതുവിലെ ചില മണൽത്തീരങ്ങൾ വരണ്ടതാണെന്ന് യൂറോപ്യൻ സ്പേയ്സ് ഏജൻസി പറയുന്നു. ഈ പ്രദേശത്ത് കടലിന് ആഴം വളരെ കുറവാണ്. വെള്ളത്തിൻ്റെ ഇളം നിറം സൂചിപ്പിക്കുന്നത് പോലെ 1 മുതൽ 10 മീറ്റർ വരെ ആഴമേ ഈ മേഖലയിൽ കടലിന് ഉള്ളൂവെന്നും ഏജൻസി വ്യക്തമാക്കുന്നു. ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് മാന്നാർ ദ്വീപ് നിലനിൽക്കുന്നത്. ശ്രീലങ്കയുടെ പ്രധാന ഭൂപ്രദേശവുമായി റോഡ് മാ‍ർഗവും റെയിൽ ഗതാഗതം വഴിയും ഈ ദ്വീപിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ദ്വീപിൻ്റെ തെക്കേ അറ്റത്ത് ഈ റോഡ് പാലവും റെയിൽവേ പാലവും കാണാം.

ഇന്ത്യയിലായി ഇതേ ഭാഗത്ത് രാമേശ്വരം ദ്വീപുണ്ട്. ഈ ദ്വീപ് പാമ്പൻ ദ്വീപെന്നും അറിയപ്പെടുന്നു. രണ്ട് കിലോമീറ്റർ നീളമുള്ള പാമ്പൻ പാലം കടന്ന് മാത്രമേ ഈ ദ്വീപിലേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. രണ്ട് കരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലൂടെ ആളുകൾ സഞ്ചരിക്കുകയും ചരക്ക് ഗതാഗതം നടത്തുകയും ചെയ്യുന്നുണ്ട്.

രാമേശ്വരം ദ്വീപിൽ പ്രധാനമായും രണ്ട് നഗരങ്ങളാണുള്ളത്. പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്നത് പാമ്പൻ നഗരമാണ്. ഇവിടെ നിന്നും 10 കിലോമീറ്റ‍ർ സഞ്ചരിച്ചാൽ രാമേശ്വരത്തും എത്തും. രാമസേതുവിൻെറ ഇരുകരകളിലും ആയിട്ടുള്ള ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഭാഗങ്ങൾ സംരക്ഷിത ദേശീയ ഉദ്യാനങ്ങളുടെ പട്ടികയിലാണ് ഉൾക്കൊള്ളുന്നത്. ബ്രൗൺ നോഡി പോലുള്ള പക്ഷികളുടെ പ്രജനന കേന്ദ്രങ്ങൾ കൂടിയാണ് ഈ മേഖല. പാലത്തിന് സമീപമുള്ള കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് മത്സ്യങ്ങളും കടൽപ്പുല്ലുകളും ഉൾപ്പെടെ വൈവിധ്യമാർന്ന സമുദ്രജീവികളും വളരുന്നുണ്ട്. ഡോൾഫിനുകൾ, ആമകൾ എന്നിവയും ഈ മേഖലയിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments