ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസം പിന്നിട്ടതോടെ തീവ്രതയേറുന്നു. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു മുന്നറിയിപ്പുകള്‍ ശക്തമായിട്ടുണ്ട്.
കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം. പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചു വിടാനുള്ള സാധ്യത പരിഗണിച്ച് വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ടും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം തേടാന്‍ നിര്‍ദേശിച്ചും മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി വിദേശികള്‍ കൂടുതലായുള്ള നിശ്ചിത സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ മൂന്നു ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ ആക്രമങ്ങളില്‍ ഒട്ടനവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. അനവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചതോടെ വിദേശികളെ മാറ്റിപ്പാര്‍പ്പിച്ച ഒരു വിനോദ കേന്ദ്രത്തിനും അക്രമികള്‍ തീയിട്ടു.