വത്തിക്കാന്‍ സിറ്റി: ലണ്ടനിലെ വത്തിക്കാന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണാപഹരണക്കേസില്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉന്നതപദവി വഹിച്ചിരുന്ന കര്‍ദിനാള്‍ ആഞ്ചലോ ബെച്യു (73) ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വത്തിക്കാന്‍ ക്രിമിനല്‍ െ്രെടബ്യൂണല്‍ കുറ്റം ചുമത്തി. 27 മുതലാണു വിചാരണ.
വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ലണ്ടനിലെ 35 കോടി യൂറോയുടെ (ഏകദേശം 3000 കോടി രൂപ) റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ടാണു കോടികളുടെ തട്ടിപ്പു നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെയാണു കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഏറെ അടുപ്പമുണ്ടായിരുന്ന കര്‍ദിനാള്‍ ബെച്യുവിനെ ഒരു ലക്ഷം യൂറോ (88 ലക്ഷം രൂപ) തട്ടിയെടുത്ത മറ്റൊരു സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പദവിയില്‍ നിന്നു നീക്കിയിരുന്നു.
വത്തിക്കാനിലെ ഉദ്യോഗസ്ഥരായ മറ്റു 4 പേരും സെക്രട്ടേറിയറ്റ് ഓഫ് സ്‌റ്റേറ്റിലെ 2 ഉദ്യോഗസ്ഥരും ഒരു അഭിഭാഷകനും 2 ബ്രോക്കര്‍മാരുമാണു മറ്റു പ്രതികള്‍.