വാഷിങ്ടണ്‍: യു.എസിനെ മുള്‍മുനയില്‍നിര്‍ത്തിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് ലോസ് ആഞ്ചല്‍സ് കോടതി. ‘ഹോളിവുഡ് റിപ്പര്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ തോമസ് ഗാര്‍ഗിലോക്കാണ് 20 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്.
നടന്‍ ആഷ്ടണ്‍ കച്ചറുടെ കാമുകി ഉള്‍പെടെ രണ്ടു പേരെ വീട്ടില്‍ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. ”ഗാര്‍ഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു”വെന്ന് ജഡ്ജി ലാറി ഫിഡ്‌ലര്‍ പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് വാദംകേള്‍ക്കല്‍ പൂര്‍ത്തിയായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജഡ്ജിമാര്‍ ശിപാര്‍ശ ചെയ്തിരുന്നു. നടപടിക്രമങ്ങളില്‍ തട്ടി ശിക്ഷ പ്രഖ്യാപിക്കല്‍ വൈകുകയായിരുന്നു.
ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിയായ ആഷ്‌ലി എലറിനെ ഹോളിവുഡിലെ വീട്ടില്‍കയറി 47 തവണ കുത്തിയാണ് ഗാര്‍ഗിലോ കൊലപ്പെടുത്തിയിരുന്നത്. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ് ആഞ്ചല്‍സിലെ എല്‍ മോണ്ടയിലുള്ള വീട്ടില്‍ കയറിയാണ് കൊലപ്പെടുത്തിയിരുന്നത്.
മിഷേല്‍ മര്‍ഫി എന്ന യുവതിയെയും ആക്രമിച്ചെങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു. ഇവര്‍ നല്‍കിയ സൂചനകളില്‍നിന്നാണ് രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്.
എയര്‍ കണ്ടീഷനിങ്, ഹീറ്റര്‍ റിപ്പയറിങ് ജോലി ചെയ്തിരുന്ന ഗാര്‍ഗിലോ ഇരകളുടെ വീടുകള്‍ക്ക് സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാല്‍, താനല്ല കൊല നടത്തിയതെന്നാണ് ഗാര്‍ഗിലോയുടെ വാദം.
ശിക്ഷ വിധിച്ചെങ്കിലും കാലിഫോര്‍ണിയയില്‍ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ഗാര്‍ഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടില്ലെന്നുറപ്പാണ്.