ബ്രിട്ടണിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്കും നിർണായകമായ പൊതു തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുകയാണ്. ഇക്കഴിഞ്ഞ മെയിലാണ് പ്രധാനമന്ത്രി ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2024 ഡിസംബർ വരെ തിരഞ്ഞെടുപ്പിന് സമയമുണ്ടായിരുന്നു. എന്നാൽ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സുനക് തീരുമാനിക്കുകയായിരുന്നു.
ജൂലൈ നാലിന് വ്യാഴാഴ്ച നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയം ലേബർ പാർട്ടിക്കൊപ്പമായിരിക്കുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ഇതോടെ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അന്ത്യമാവുമെന്ന് വിദഗ്ധർ കരുതുന്നു. രാജ്യത്തിൻെറ ഭാവി സംബന്ധിച്ച് സുപ്രധാന വഴിത്തിരിവ് സംഭവിക്കാൻ പോവുന്ന തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് നടക്കുന്നത് ഇങ്ങനെ
വ്യാഴാഴ്ച ബ്രിട്ടണിലെ പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 650 പാർലമെൻ്റ് മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാർ പാർലമെൻ്റ് അംഗങ്ങളെ (എംപിമാർ) തിരഞ്ഞെടുക്കുന്നതിനായി ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തും.
ഈ സംവിധാനം പ്രകാരം ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാൾ എംപിയാവും. അവർ 50 ശതമാനം വോട്ടുകൾ നേടിയോ എന്നത് വിഷയമാവില്ല. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള രീതിയിലുള്ള ആനുപാതിക പ്രാതിനിധ്യ സംവിധാനമല്ല ബ്രിട്ടണിലെ തിരഞ്ഞെടുപ്പിലുള്ളത്.
പോളിങ് അവസാനിച്ചാൽ വോട്ടെണ്ണൽ നടക്കും. ജൂലൈ അഞ്ചിന് തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ആകെയുള്ള 650 സീറ്റുകളിൽ ഒരു പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ അവരുടെ നേതാവ് പുതിയ പ്രധാനമന്ത്രിയായി മാറും. ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ആണെങ്കിൽ തൂക്കു പാർലമെൻറ് വരും. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടുള്ള പാർട്ടി മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാൻ ശ്രമിക്കും.
പ്രധാന സ്ഥാനാർഥികൾ
നിലവിലെ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനകും ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമറും തമ്മിലാണ് പ്രധാന പോരാട്ടം. ലേബർ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് രാഷ്ട്രീയ വിദഗ്ദർ പറയുന്നത്. 2010 മുതൽ കൺസർവേറ്റീവ് പാർട്ടിയാണ് ബ്രിട്ടൺ ഭരിക്കുന്നത്.
ലിബറൽ ഡെമോക്രാറ്റുകൾ, സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി), പ്ലെയ്ഡ് സിമ്രു, ഗ്രീൻ പാർട്ടി, റിഫോം യുകെ തുടങ്ങിയ പാർട്ടികളും മത്സരരംഗത്തുണ്ട്. എഡ് ഡേവി (ലിബറൽ ഡെമോക്രാറ്റുകൾ), നിക്കോള സ്റ്റർജൻ (എസ്എൻപി), ആദം പ്രൈസ് (പ്ലെയ്ഡ് സിമ്രു) മറ്റ് പ്രധാനപ്പെട്ട സ്ഥാനാർഥികൾ.
വലിയ വെല്ലുവിളികൾ
ബ്രിട്ടൺ പലവിധ പ്രതിസന്ധികൾക്കിടയിലൂടെ കടന്ന് പോവുന്നതിനാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണായകമാണ്. സാമ്പത്തികമായും സാമൂഹികമായും രാജ്യം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉയർന്ന ജീവിതച്ചെലവ്, എൻഎച്ച്എസ് പോലുള്ള പൊതു സേവനങ്ങളുടെ തകർച്ച, വർദ്ധിച്ചുവരുന്ന കുടിയേറ്റം, ഭവനക്ഷാമം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും കാരണമാണ് ജീവിതച്ചെലവ് വർധിച്ചത്. ഇത് ബ്രിട്ടീഷ് ജനതയിൽ വലിയൊരു വിഭാഗത്തെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്.