പാരീസ്: ഫ്രഞ്ച് നാഷണൽ അസംബ്ലി രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് മുന്നേറ്റമെന്ന് ആദ്യഫലസൂചന. തീവ്രവലതുപക്ഷമായ നാഷണൽ റാലി മൂന്നാം സ്ഥാനത്താണ്. തൂക്ക്സഭയ്ക്ക് സാധ്യതയെന്നാണ് അഭിപ്രായസർവേ ഫലം. കേവലഭൂരിപക്ഷത്തിന് ആർക്കും സാധ്യതയില്ല. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ അലയൻസ് രണ്ടാമതാണുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളും ഇടത് പാര്‍ട്ടിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷസഖ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നിരുന്നു. രണ്ടാം ഘട്ടത്തിൽ പലയിടങ്ങളിലും തീവ്രവലതുപക്ഷത്തിനെ തടയാൻ ഇടതുസഖ്യവും ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയും തമ്മിൽ ധാരണയിലെത്തിയിരുന്നു.
രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ടാം വോട്ടിംഗ് റൗണ്ടില്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് പാര്‍ലമെന്റില്‍ 180-215 സീറ്റുകള്‍ നേടാനാകുമെന്ന് ബ്രോഡ്കാസ്റ്റര്‍ ടിഎഫ് 1 പ്രവചിക്കുന്നു. ഫ്രാന്‍സ് ടിവിക്ക് വേണ്ടിയുള്ള ഒരു ഇപ്സോസ് പോള്‍ ഇടതുപക്ഷ ഗ്രൂപ്പിന് 172-215 സീറ്റുകള്‍ പ്രവചിക്കുന്നു.
സി ന്യൂസ് ടിവിയുടെ അഭിപ്രായ വോട്ടെടുപ്പ് ന്യൂ പോപ്പുലര്‍ ഫ്രണ്ട് 180210 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍ ബിഎഫ്എം ടിവിയുടെ എലാബ് പോള്‍ 175-205 സീറ്റുകളാണ് ഇടതിന് നല്‍കുന്നത്. പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സെന്‍ട്രല്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മറൈന്‍ ലെ പെന്നിന്റെ ആര്‍എന്‍ പാര്‍ട്ടിയെക്കാള്‍ വളരെ മുന്നിലാണ് എന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് അങ്ങേയറ്റം നിരാശാജനകമാണ് എക്സിറ്റ് പോള്‍ സൂചനകള്‍. പാര്‍ട്ടിയെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയാനുള്ള ഇടതുപക്ഷത്തിന്റെയും മധ്യപക്ഷത്തിന്റെയും ശ്രമം വിജയിച്ചു എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നാഷണല്‍ പാര്‍ട്ടിക്കും (ആര്‍എന്‍) ഇടതു പക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍എഫ്പി) സഖ്യത്തിനും പിന്നിലായി നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി മോശം പ്രകടനമാണ് കാഴ്ചവെച്ചത്.