കീവ്: യുദ്ധം ആറുമാസം പൂര്‍ത്തിയാക്കിയ ബുധനാഴ്ച ഉക്രയ്ന് ആഘോഷങ്ങളില്ലാത്ത സ്വാതന്ത്ര്യദിനമാണ് കടന്നുപോയത്. റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ഭീതിയില്‍ ആഘോഷങ്ങളും കൂടിച്ചേരലുകളും വിലക്കി.
തലസ്ഥാനമായ കീവിലെ സെന്‍ട്രല്‍ സ്ക്വയറില്‍ ഏതാനും ആളുകള്‍ മാത്രമാണ് രാജ്യത്തിന്റെ മുപ്പത്തൊന്നാം സ്വാതന്ത്ര്യദിനം ആചരിക്കാന്‍ എത്തിയത്.
ഉക്രയ്ന്റെ ഭാഗമായ മുഴുവന്‍ പ്രദേശവും റഷ്യന്‍ അധീനതയില്‍നിന്ന് മോചിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ കീവ് സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. 5.4 കോടി പൗണ്ടിന്റെ (ഏകദേശം 509.09 കോടി രൂപ) സൈനിക സഹായവും പ്രഖ്യാപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും 298 കോടി ഡോളറിന്റെ (ഏകദേശം 23,770.56 കോടി രൂപ)സൈനിക സഹായം അയക്കുന്നതായി പ്രഖ്യാപിച്ചു.