ഖാര്‍ത്തൂം: സുഡാനില്‍ അര്‍ദ്ധസൈനിക വിഭാഗം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. സെന്‍നാര്‍ പ്രവിശ്യയിലെ ഗല്‍ഗാനിലാണ് ആക്രമണം നടന്നത്. ഇവര്‍ ഒരു ഗ്രാമത്തെയാകെ കൊള്ളയടിച്ച് കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 18 മാസമായി സുഡാനില്‍ തുടരുന്ന ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.
കഴിഞ്ഞയാഴ്ച അര്‍ധസൈനീക വിഭാഗം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ ശ്രമങ്ങളെ ചെറുത്തതിനെ തുടര്‍ന്ന് ഗ്രാമത്തിലെ നിരായുധരായ നിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 150ലധികം ഗ്രാമീണര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ സൈന്യവും അര്‍ധ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റിടങ്ങളിലും തുറന്ന പോരാട്ടത്തിലേക്ക് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ രാജ്യത്തുടനീളമുള്ള കൂട്ടക്കൊലകള്‍, ബലാത്സംഗങ്ങള്‍ എന്നിവയ്ക്ക് കാരണമായി.
കഴിഞ്ഞ ജൂണില്‍ ഖാര്‍ത്തൂമിന് 350 കിലോമീറ്റര്‍ അകലെ സിന്നാറിന്റെ പ്രവിശ്യാ തലസ്ഥാനമായ സിങ്കയെ ആര്‍എസ്എഫ് ആക്രമിച്ചു. അവര്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് കൊള്ളയടിക്കുകയും അതിന്റെ പ്രധാന ആശുപത്രി കൈവശപ്പെടുത്തുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
സൈന്യവും ആര്‍എസ്എഫും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കുന്നതിനിടെയാണ് ഏറ്റവും പുതിയ ആക്രമണം. സൈന്യം ബഹിഷ്‌കരിച്ച ചര്‍ച്ചകള്‍ കഴിഞ്ഞയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ആഫ്രിക്കന്‍ യൂണിയന്‍, യുഎന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍എസ്എഫ് ജനീവയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തില്ല.