നെയ്റോബി: ഭാര്യയുള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കെനിയന്‍ സീരിയല്‍ കില്ലര്‍ കോളിന്‍സ് ജുമൈസി (33) കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സെല്ല് തകര്‍ത്ത് ജുമൈസി ഉള്‍പ്പെടെ 13 തടവുകാരാണ് കൂടെ രക്ഷപ്പെട്ടത്.
തടവുകാര്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിനായി പുലര്‍ച്ചെ പൊലീസ് സെല്ലുകളില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജുമൈസിയുടെ കൂടെ രക്ഷപ്പെട്ട മറ്റു 12 പേരും നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റിലായതാണ്. ഇവര്‍ എറിത്രിയന്‍ വംശജരാണ്.
സീരിയല്‍ ജുമൈസിയെ ജൂലൈ 14നാണ് പിടിയിലാകുന്നത്. ജുമൈസിയുടെ വീടിനടുത്തുള്ള ക്വാറിയില്‍ നിന്നും വികൃതമാക്കപ്പെട്ട നിലയില്‍ ഒന്‍പത് സ്ത്രീകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരിയുരുന്നു. ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനല്‍ കാണുന്നതിനിടെയാണ് അറസ്റ്റിലായത്. 2022ന് ശേഷം 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രാദേശിക ആസ്ഥാനവും നിരവധി എംബസികളും സ്ഥിതി ചെയ്യുന്ന ഗിഗിരിയിലെ നെയ്റോബി ജില്ലയിലാണ് പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രമുഖ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കാമുകിയെ കൊലപ്പെടുത്തി മൃതദേഹം എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ പിടിയിലായ കെനിയന്‍ പൗരന്‍ കെവിന്‍ കാംഗേഥെ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.