ട്രിപ്പോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. ഡാനിയല്‍ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തില്‍ 2000ത്തിലധികം പേര്‍ മരിച്ചുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കനത്ത മഴയില്‍ 2 അണക്കെട്ടുകള്‍ തകര്‍ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. ഡെര്‍ന മേഖലയിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ ഡെര്‍ന നഗരം ഒലിച്ചുപോയി. ഡെര്‍നയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.
ഡെര്‍നയില്‍ നിന്നുള്ള ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഡെര്‍നയില്‍ മാത്രം 5000 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.
പര്‍വതങ്ങളില്‍ നിന്ന് നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെര്‍ന എന്ന നദി നിമിഷ നേരം കൊണ്ട് നിറഞ്ഞ് കവിയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നദി കരകവിഞ്ഞ് ഒഴുകിയതോടെ തീരത്ത് നിന്നും ഏറെ അകലെയായി ഉണ്ടായിരുന്ന ബഹുനില കെട്ടിടം അടക്കം നിലം പൊത്തി. നിരവധി വാഹനങ്ങളും വീടുകളും ഒലിച്ചു പോയി.
തിങ്കളാഴ്ച അല്‍-മസാര്‍ ടെലിവിഷൻ സ്റ്റേഷനുമായി നടത്തിയ ഫോണ്‍ അഭിമുഖത്തില്‍, കിഴക്കൻ ലിബിയൻ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി ഒസാമ ഹമദ്, ഡെര്‍നയില്‍ മാത്രം 2,000 പേര്‍ മരിച്ചേക്കാമെന്നും ആയിരക്കണക്കിന് പേരെ കാണാതായതായി വിശ്വസിക്കപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.