ബീജിംഗ്: ഹോങ്കോംഗില്‍ വിനോദ സഞ്ചാരത്തിനെത്തിയ വ്ലോഗറായ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റില്‍.
യുവതി ഹോങ്കോംഗ് സെൻട്രല്‍ മേഖലയില്‍ നിന്ന് രാത്രി ലൈവ് വീഡിയോ ചെയ്യുന്നതിനിടെ പ്രതി അമിത് ജരിയാല്‍ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാളെ കെന്നഡി ടൗണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
വഴി ചോദിച്ച് യുവതിയെ സമീപിച്ച ഇയാള്‍ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ആക്രമിക്കുകയുമായിരുന്നു. തള്ളി മാറ്റിയ യുവതി സഹായത്തിനായി നിലവിളിച്ചതോടെ പ്രതി സ്ഥലംവിടുകയായിരുന്നു.
പ്രതി യുവതിയെ ആക്രമിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ പ്രതിയെ ഉടൻ തിരിച്ചറിയുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം മക്കാവുവിലേക്ക് പോയ യുവതി മറ്റൊരു ലൈവ് സ്ട്രീമിലൂടെ താൻ നേരിട്ട ദുഃരനുഭവം വിവരിച്ചിരുന്നു.