അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി 200 ശതമാനമായി വര്‍ധിപ്പിക്കാന്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ തയ്യാറെടുപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ വിസിറ്റര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ടൂറിസം ലെവി(ഐവിഎല്‍) മൂന്ന് മടങ്ങ് വര്‍ധിപ്പിച്ച് 1825 രൂപയില്‍ നിന്ന് 5214 രൂപയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗവുമായാണ് നികുതി വര്‍ധിപ്പിച്ചത്.
‘ഐവിഎല്‍ 100 ന്യൂസിലാന്‍ഡ് ഡോളറായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള സൗകര്യങ്ങളും അനുഭവവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നികുതി വര്‍ധിപ്പിച്ചത്,’’ ന്യൂസിലാന്‍ഡ് ടൂറിസം മന്ത്രി മാറ്റ് ഡൂസി പറഞ്ഞു.
‘‘പത്ത് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ഇരട്ടിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വിനോദസഞ്ചാരമേഖലയും കൂടുതല്‍ വളരാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ സമ്പദ് വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ 11 ബില്ല്യണ്‍ ന്യൂസിലാന്‍ഡ് ഡോളര്‍ ചെലവഴിച്ചിരുന്നു,’’ മാറ്റ് ഡൂസി പറഞ്ഞു. എന്നാല്‍, അന്തരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് പ്രാദേശിക അധികൃതരുടെ മേല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം അവയുടെ പരിപാലന ചെലവും വര്‍ധിക്കുന്നു. അന്താരാഷ്ട്ര സന്ദര്‍ശകര്‍ ഈ ചെലവുകളിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സംവിധാനമായാണ് ഐവിഎല്‍ 2019 അവതരിപ്പിച്ചത്. അതില്‍ ഭൂരിഭാഗവും ന്യൂസിലാന്‍ഡിലെ നികുതിദായകരാണ് നല്‍കുന്നത്.
മിനിസ്ട്രി ഓഫ് ബിസിനസ് ഇന്നൊവേഷന് ആന്‍ഡ് എംപ്ലോയ്മെന്റ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 93 ശതമാനം പേരും ഐവിഎല്‍ ഉയര്‍ത്തുന്നതിനെ പിന്തുണച്ചിരുന്നു. വിനോദസഞ്ചാരമേഖലയിലെ ചെലവുകള്‍ പരിഹരിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ ന്യായം