Thursday, September 19, 2024

HomeWorldമെസേജ് അയച്ചപ്പോൾ പൊട്ടിത്തെറിച്ചത് തായ്‌വാനിൽ നിർമിച്ച പേജറുകൾ; പിന്നിൽ ഇസ്രായേൽ എന്ന് സൂചന

മെസേജ് അയച്ചപ്പോൾ പൊട്ടിത്തെറിച്ചത് തായ്‌വാനിൽ നിർമിച്ച പേജറുകൾ; പിന്നിൽ ഇസ്രായേൽ എന്ന് സൂചന

spot_img
spot_img

ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ ലെബനനിലുടനീളം ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തിൽ  ഒമ്പത് പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ വിരുദ്ധ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദാഹിയെഹ് എന്നറിയപ്പെടുന്ന ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും ഉച്ചകഴിഞ്ഞ്  3,30 ഓടെയാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്.

സ്ഫോടന പരമ്പര ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം 4.30വരെയും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാൻ നിർമിത ഇലക്ട്രോണിക് പേജറുകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചാണ് ഇസ്രായേൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തായ്‌വാനിലെ ഗോൾഡ് അപ്പോളോയിൽ നിന്നാണ് ഹിസ്ബുള്ള ഈ പേജറുകൾ ഓർഡർ ചെയ്തതെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാൽ‌, ലെബനനിലെ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച പേജറുകൾ കമ്പനി നിർമിച്ചിട്ടില്ലെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹുസു ചിംഗ്-കുവാങ് പറഞ്ഞു.

പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ  ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽ‌കി.

സംഭവത്തെ ലെബനൻ ഇൻഫർമേഷൻ മന്ത്രി സിയാദ് മക്കാരി അപലപിച്ചു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നും അവർക്ക് ന്യായമായ ശിക്ഷ ലഭിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞു.

പേജർ സ്ഫോടനങ്ങൾ: സുപ്രധാന വിവരങ്ങൾ

  • ഒന്ന് മുതൽ രണ്ട് ഔൺസ് വരെയുള്ള സ്‌ഫോടകവസ്തുക്കൾ ബാറ്ററികൾക്ക് സമീപം ഒളിപ്പിച്ചിരിക്കുകയാണെന്നും വിദൂര നിയന്ത്രിത സ്ഫോടനമാണ് ഉണ്ടായതെന്നും ന്യൂയോർക്ക് ടൈംസ്.
  •   ഉച്ചകഴിഞ്ഞ് 3:30 ന്, ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതോടെ പേജറുകൾ പൊട്ടിത്തെറിച്ചു. കുറഞ്ഞത് ഒമ്പത് പേരെങ്കിലും കൊല്ലപ്പെടുകയും 2800-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ഇസ്രായേൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.  ഹിസ്ബുള്ള ഇസ്രായേലിനെ കുറ്റപ്പെടുത്തിയെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
  • സെൽഫോണുകൾക്ക് പകരം ആശയ വിനിമയത്തിന് പേജറുകളെ ആശ്രയിക്കുന്ന  ഹിസ്ബുള്ളയുടെ രീതി മുതലെടുത്താണ് ആക്രമണം നടത്തിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
  • ചൊവ്വാഴ്ചത്തെ സ്‌ഫോടനങ്ങൾക്ക് മാസങ്ങൾക്ക് മുമ്പ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഓർഡർ ചെയ്ത 5000 തായ്‌വാൻ നിർമിത പേജറുകളിൽ ഇസ്രായേലിൻ്റെ മൊസാദ് ചെറിയ അളവിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി മുതിർന്ന ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
  • ഗോൾഡ് അപ്പോളോ നിർമിച്ച പേജറുകളാണ് ഹിസ്ബുള്ള ഓർഡർ ചെയ്തത്.  ഈ വർഷം ആദ്യമാണ് ഇവ രാജ്യത്തേക്ക് കൊണ്ടുവന്നത്.
  • കമ്പനിയുടെ AP924 പേജറാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രങ്ങളിൽ നിന്ന്  അറിയാൻ കഴിയുന്നത്.
  • സ്ഫോടനത്തിൻ്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണെന്നും ഇസ്രായേലിന് “അതിൻ്റെ ന്യായമായ ശിക്ഷ” ലഭിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞു.
  • ഈ വർഷമാദ്യം, ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്‌റല്ല സെൽഫോണുകളുടെ ഉപയോഗം കർശനമായി പരിമിതപ്പെടുത്തിയിരുന്നു. ഫോണുകൾ ഇസ്രായേൽ നിരീക്ഷണത്തിന് ഇരയാകുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments