Thursday, September 19, 2024

HomeWorldഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചത് എന്ത്? ഇതിന് ഇസ്രയേലുമായുള്ള ബന്ധമെന്ത്?

ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചത് എന്ത്? ഇതിന് ഇസ്രയേലുമായുള്ള ബന്ധമെന്ത്?

spot_img
spot_img

ചൊവ്വാഴ്ച ലെബനനില്‍ നടന്ന പേജര്‍ സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 2750 പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിസ്ബുള്ള വ്യാപകമായി ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ ഉപകരണമാണ് പേജര്‍. അഞ്ച് മാസം മുമ്പ് പേജറുകളില്‍ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചുവെന്നും ഇതാണ് സ്‌ഫോടനത്തിന് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ഇസ്രായേലിന് പങ്കുണ്ടെന്ന ആരോപിച്ച് ഹിസ്ബുള്ളയും ലെബനനും രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങളില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇസ്രായേലിനെതിരെ ഹിസ്ബുള്ളയും രംഗത്തെത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘമാണ് ഹിസ്ബുള്ള. മൊബൈല്‍ ഫോണുകള്‍ ഇസ്രായേല്‍ ട്രാക്ക് ചെയ്യാനിടയുള്ളതിനാലാണ് ഹിസ്ബുള്ള പേജറുകള്‍ വ്യാപകമാക്കിയതെന്നാണ് കരുതുന്നത്.

ഹിസ്ബുള്ള എന്തുകൊണ്ട് പേജറുകള്‍ ഉപയോഗിക്കുന്നു?

ഇസ്രായേല്‍ സെല്‍ഫോണുകളും മറ്റും ട്രാക്ക് ചെയ്യുന്നത് വ്യാപകമായതോടെയാണ് ഹിസ്ബുള്ള പേജറുകള്‍ പോലെയുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കൂടാതെ ഇസ്രായേലിനെപ്പറ്റി കൂടുതല്‍ പഠിക്കാനും പ്രത്യാക്രമണം നടത്താനുമായി ഹിസ്ബുള്ള തങ്ങളുടെ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

പേജര്‍ ഹാക്ക് ചെയ്യാന്‍ കഴിയുമോ?

ഹിസ്ബുള്ള അടുത്തിടെ വാങ്ങിയ പേജറുകളുടെ പുതിയ മോഡലുകളാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് വൃത്തങ്ങള്‍ പറഞ്ഞു. അമിതമായി ചൂടായതിന് ശേഷമാണ് പേജറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാനിലെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് പേജറിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത്. ഈ ആശയവിനിമയം തടസപ്പെടുത്തുന്നതിന് ഹാക്കര്‍മാര്‍ പ്രത്യേക റേഡിയോ ഉപകരണങ്ങളും സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് റേഡിയോസ് (എസ്ഡിആര്‍) സാങ്കേതിക വിദ്യയും ഉപയോഗിക്കാറുണ്ട്. ഇതിലൂടെ പേജര്‍ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യാനും അവര്‍ക്ക് കഴിയുന്നു.

അതേസമയം പേജറുകള്‍ ഡെലിവറി ചെയ്യുന്നതിന് മുമ്പ് അവയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇസ്രായേല്‍ പ്രതിരോധസേനാംഗം അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍ മുമ്പും സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപണം

ഇതാദ്യമായല്ല ഇത്തരത്തില്‍ വലിയ രീതിയില്‍ ഡിജിറ്റല്‍ സൈബര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഇസ്രായേലിന് നേരെ ഉയരുന്നത്. 2011ല്‍ ഇറാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിട്ടുള്ള ഒരു സൈബര്‍ ആക്രമണത്തിന് ഇസ്രായേല്‍ നേതൃത്വം നല്‍കിയിരുന്നു. ആക്രമണത്തില്‍ ഇസ്രായേലിനൊപ്പം അമേരിക്കയും പങ്കെടുത്തിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

കൂടാതെ തങ്ങളുടെ പ്രാദേശിക എതിരാളികളായ ഹിസ്ബുള്ള, ഹമാസ് എന്നിവര്‍ക്കെതിരെയും ഇസ്രായേല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെയുയരുന്ന ആരോപണങ്ങളില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments