ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ. ഹസൻ നസറല്ലയെ വധിച്ചതിന് പിന്നാലെ ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ പോരാടുന്ന ഹിസ്ബുള്ളയ്ക്ക് ഇറാനാണ് പിന്തുണ നൽകുന്നത്.
ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തെ അപലപിക്കുകയും ലെബനനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ ‘പ്രതികാരം’ ചെയ്യണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് ഇറാനികളാണ് ശനിയാഴ്ച ടെഹ്‌റാനിലും രാജ്യത്തുടനീളവും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ നസ്‌റല്ലയുടെ ഛായാചിത്രങ്ങൾ വഹിച്ച് “പ്രതികാരം ,ചെയ്യുക”, “ഡൗൺ വിത്ത് ഇസ്രായേൽ”, “യുഎസ് ഡൗൺ വിത്ത്” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
കൊലപാതകത്തിന് പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്ന ആവശ്യവുമായും ഇറാൻ രംഗത്ത് വന്നിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തെ അപലപിക്കണം എന്നാണ് യുഎന്നിലെ ഇറാന്‍ അംബാസിഡര്‍ ആമിര്‍ സായി ഇര്‍വാനയുടെ ആവശ്യം. ഇറാന്റെ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്ക് പരിക്കേറ്റു.