ലണ്ടന്‍: ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റില്‍ വെള്ളിയാഴ്ച വൈകിട്ട് ബാര്‍ബര്‍ ഷോപ്പിലുണ്ടായ വെടിവയ്പില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ മലയാളി യുവാവിന്റെ നില ഗുരുതരമാണ്. വെടിവച്ചതിനു പിന്നാലെ അക്രമികള്‍ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേല്‍പിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമത്തിനിരയായ മൂന്നുപേരും സെന്‍ട്രല്‍ ലണ്ടനിലെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല.
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം. ല
യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ശാന്തശീലനുമായ യുവാവാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായത്. ഏഴുമണിയോടെ ബാര്‍ബര്‍ഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികള്‍ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫോറസ്റ്റ് ഗേറ്റിലെ എ114 അപ്റ്റണ്‍ ലെയ്‌നിലുള്ള ഈമ്രാന്‍സ് ഹെയര്‍ ഡ്രസേഴ്‌സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമില്‍ സ്‌റ്റോപ്പ് ആന്‍ഡ് സേര്‍ച്ച് ഉത്തരവിട്ട് വാഹനങ്ങള്‍ പരിശോധിച്ചു. ദൃക്‌സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടന്‍ സി.എ.ഡി6941/ സെപ്റ്റംബര്‍ 08 എന്ന റഫറന്‍സില്‍ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.