ടോക്കിയോ: ബൈക്കുമായി നിരത്തുകളില്‍ ചീറിപ്പായുന്ന യുവത്വങ്ങളെ നാം കണ്ടിട്ടുണ്ട്. ഇനിമുതല്‍ ഇവര്‍ നിരത്തുകളില്‍ അല്ല ആകാശത്തിലൂടെയാണ് പായാന്‍ പോകുന്നത്. വാഹനലോകം കുറച്ച് കാലമായി കാത്തിരുന്ന പറക്കും ബൈക്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍.
ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎല്‍ഐ ടെക്നോളജീസാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 5.1 കോടി രൂപയാണ് ഈ പറക്കും വീരന്റെ വില. XTURISMO എന്നാണ് ബൈക്കിന് പേര് നല്‍കിയിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറക്കുംബൈക്ക് എന്ന ആശയവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തുന്നത്. 2017 മുതല്‍ ബൈക്ക് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു ഇവര്‍. ആകാശമാര്‍ഗം വാഹനം ഓടിക്കുന്നതിന്റെ സാധ്യതകള്‍ക്ക് കരുത്ത് പകരുന്നതാണ് പുതിയ ബൈക്കിന്റെ നിര്‍മ്മാണം. 2022ഓടെ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
100 കിലോമീറ്റര്‍ വരെ വേഗതയില്‍ 40 മിനിറ്റ് സഞ്ചരിക്കാന്‍ പറക്കും ബൈക്കിന് സാധിക്കും. പ്രെപ്പല്ലറിന്റെ മുകളില്‍ ബൈക്കിന്റെ മാതൃക നിര്‍മ്മിച്ചാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. സാധാരണ നിലയില്‍ ഉപയോഗിക്കുന്ന എഞ്ചിനാണ് പറക്കും ബൈക്കിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാല് ബാറ്ററികളാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്.
ഏകദേശം 300 കിലോഗ്രാം ഭാരം വരുന്ന ബൈക്കിന് 3.7 മീറ്റര്‍ ഉയരവും 2.4 മീറ്റര്‍ വീതിയുമാണ് ഉള്ളത്. നിലവില്‍ വണ്ടി ഓടിക്കുന്ന ആളിന് മാത്രമേ ബൈക്കില്‍ ഇരിക്കാന്‍ സാധിക്കൂ.