ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് പടരുന്നു. രക്തക്കുഴലുകളില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാര്‍ബര്‍ഗ് വൈറസ് കഴിഞ്ഞ മാസം അവസാനമാണ് റുവാണ്ടയില്‍ സ്ഥിരീകരിച്ചത്.
മാരകമായ ഈ വൈറസ് റുവാണ്ടയുടെ ദുര്‍ബലമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് കീഴടക്കുന്നത്. കുറഞ്ഞത് 46 പേര്‍ രോഗബാധിതരാകുകയും 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രക്തസ്രാവം, അവയവ സ്തംഭനം എന്നിവക്ക് കാരണമാകുന്ന ഈ മാരക വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്.
എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ട ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാര്‍ബര്‍ഗ് പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്. റുവാണ്ടയില്‍ 41 പേര്‍ക്കാണ് മാര്‍ബര്‍ഗ് വൈറസ് മൂലമുള്ള മാര്‍ബര്‍ഗ് വൈറസ് ഡിസീസ്(എം.വി.ഡി) സ്ഥിരീകരിക്കപ്പെട്ടത്. മാര്‍ബര്‍ഗ് വൈറസ് കേസുകളുടെ മരണനിരക്ക് 24% മുതല്‍ 88% വരെയാണ്. 1967-ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യുഗാണ്ടയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളെ ഉപയോഗിച്ചുള്ള ലാബ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, യുഗാണ്ട എന്നിവിടങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008ല്‍ യുഗാണ്ടയിലെ രണ്ട് സഞ്ചാരികള്‍ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.
വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. പേശി വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ കണ്ട് തുടങ്ങും.