ദക്ഷിണ ലബനനിലെ ഹിസ്ബുള്ള ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടുത്തിടെ ഇസ്രയേല്‍ സൈനികര്‍ പുറത്തുവിട്ടിരുന്നു. ഇത് ഗാസയില്‍ ഹമാസ് നിര്‍മിച്ചത് പോലെയുള്ള തുരങ്കമല്ലെന്ന് അവര്‍ അവകാശപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന് നേരേ നടത്തിയ ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചിരുന്നു. ഇതേ സമയത്തു തന്നെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലും സംഘര്‍ഷങ്ങള്‍ തുടരുന്നുണ്ടായിരുന്നു.
കിലോമീറ്ററുകൾ നീളമുള്ള തുരങ്കമാണ് ഇസ്രയേല്‍ സൈനികര്‍ വീഡിയോയില്‍ കാണിച്ചത്. ഇരുമ്പുകൊണ്ടുള്ള വാതിലുകളാണ് അതിന് നിര്‍മിച്ചിരുന്നത്. ഇതിന് പുറമെ അടുക്കള, എകെ 47 തോക്കുകള്‍, കിടപ്പുമുറി, ഒരു കുളിമുറി, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, വെള്ളം സൂക്ഷിക്കുന്ന ടാങ്കുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയെല്ലാം ആ തുരങ്കത്തിലുണ്ടായിരുന്നു.
തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഹിസ്ബുള്ള എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ തങ്ങള്‍ അവിടുത്തെ അതിര്‍ത്തി കടക്കുകയാണെന്ന് വീഡിയോയില്‍ ഇസ്രയേല്‍ സൈനികന്‍ പറയുന്നുണ്ട്.
മേശപ്പുറത്ത് ഭക്ഷണം, സ്വര്‍ണ സഞ്ചികള്‍, ഉപകരണങ്ങള്‍, യൂണിഫോമുകള്‍ തുടങ്ങിയവയെല്ലാം ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് കണ്ടെത്തി.
ലെബനനിലെ തുരങ്കത്തിന്റെ ചരിത്രമെന്ത്?
ഹിസ്ബുള്ളയുടെ തുരങ്കത്തിന്റെ ചരിത്രം തുടങ്ങുന്നത് 1980കളുടെ മധ്യത്തിലാണ്. ഈ കാലയളവില്‍ ഇസ്രയേല്‍ സൈന്യം ലെബനനന്റെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങി തെക്കന്‍ അതിര്‍ത്തിയിലെ അധിനിവേശ പ്രദേശത്തേക്ക് പിന്‍വാങ്ങിയിരുന്നു.
“ഹിസ്ബുള്ളയ്ക്ക് വിപുലമായ തുരങ്ക ശൃംഖലകളുണ്ടെന്ന് വളരെക്കാലം മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു. യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും ദൂരപരിധി കുറഞ്ഞ മിസൈല്‍ വിക്ഷേപിക്കുന്നതിനുള്ള റോക്കറ്റ് ലോഞ്ച് പാഡുകളുമായാണ് ഇത് ഉപയോഗിച്ചിരുന്നത്,” ബെയ്‌റൂത്ത് ആസ്ഥാനമായുള്ള ഹിസ്ബുള്ള വിദഗ്ധനും അറ്റ്‌ലാന്റിക് കൗണ്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ നിക്കോളാസ് ബ്ലാന്‍ഫോര്‍ഡ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
2006ലെ യുദ്ധ സമയത്ത് ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍ ഇസ്രയേലിന് മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിയിരുന്നു. അതിന് ശേഷം ഹിസ്ബുള്ള കൂടുതല്‍ സങ്കീര്‍ണമായ ഭൂഗര്‍ഭ അറകളും തുരങ്കങ്ങളും നിര്‍മിച്ചുവെന്ന് വിദഗ്ധര്‍ പറഞ്ഞു.
2019 ജനുവരിയില്‍ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നുള്ള തുരങ്കകള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ലെബനനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വീണ്ടും തുരങ്കങ്ങൾ നിര്‍മിക്കുകയും ഇസ്രയേല്‍ അവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഹിസ്ബുള്ളയ്ക്ക് പ്രയോജനകരമാകുന്നത് എങ്ങനെ?
റോക്കറ്റുകള്‍, തോക്കുകള്‍, ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനാണ് ഹിസ്ബുള്ള തുരങ്കങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് (ഇസ്രയേല്‍ അവകാശപ്പെടുന്നത്) ഈ തുരങ്ക ശൃംഖല. ആയുധങ്ങള്‍ കൈമാറ്റം ചെയ്യാനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഇസ്രയേലിന്റെ വ്യോമനിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാനും ഈ തുരങ്കങ്ങള്‍ ഹിസ്ബുള്ളയെ സഹായിക്കുന്നു. ഇവരുടെ ആയുധശേഖരത്തില്‍ 1.5 ലക്ഷം റോക്കറ്റുകളും ഉള്‍പ്പെടുന്നുവെന്ന് വിശ്വസിക്കുന്നതായി യുഎസ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുള്ള അംഗങ്ങള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ട്രക്കുകള്‍ ഓടിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ തുരങ്ക ശൃഖല അതിശയിപ്പിക്കുന്നവിധം സങ്കീര്‍ണവും സിറിയ വരെ നീളുന്നതുമാണെന്ന് ഫ്രഞ്ച് പത്രമായ ലിബറേഷനെ ഉദ്ധരിച്ച് ദ ക്രാഡില്‍ റിപ്പോര്‍ട്ടു ചെയ്തു.
2006ലെ യുദ്ധത്തിന് ശേഷം ഹിസ്ബുള്ളയുടെ ആയുധശേഖരവും തുരങ്കങ്ങളും വികസിച്ചതായി ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസ്രള്ള നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ ആയുധശേഖരത്തില്‍ ഒരു ഭാഗം കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രയേലിനെ ആക്രമിക്കാന്‍ ഉപയോഗിച്ചതായി ഹിസ്ബുള്ള നേതാക്കള്‍ പറഞ്ഞു.
ട്രക്കുകളിലാണ് മിസൈലുകള്‍ തുരങ്കങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം, യുദ്ധ വിമാനങ്ങള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്ന് റിട്ടയേര്‍ഡ് ലെബനീസ് ജനറല്‍ മിലിട്ടറി അനലിസ്റ്റ് ഹിഷാം ജാബര്‍ എഎഫ്ബിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരിശീലനം ലഭിച്ച ഹിസ്ബുള്ള അംഗങ്ങള്‍ക്ക് മാസങ്ങളോളം കഴിയാനുള്ള സൗകര്യങ്ങള്‍ ഈ തുരങ്കങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളിലും സമൂഹങ്ങള്‍ക്കിടയിലും ഹിസ്ബുള്ളയുടെ ആയുധശേഖരം സൂക്ഷിച്ചിരിക്കുന്നതായി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിമരുന്നുകളും മിസൈല്‍ ലോഞ്ചര്‍ പാഡുകളും പ്രദേശത്തുടനീളമുള്ള വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇത് ലക്ഷ്യമിട്ട് ഇസ്രയേല്‍ ഈ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
2006ലെ യുദ്ധത്തിന് ശേഷം തുരങ്ക ശൃംഖല വിപുലീകരിക്കുന്നതിനായി ഇറാനും ഉത്തരകൊറിയയും ഹിസ്ബുള്ളയെ സഹായിച്ചതായി ഇസ്രയേലി തിങ്ക് ടാങ്കായ അല്‍മയുടെ 2021ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരകൊറിയയുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഹിസ്ബുള്ളയ്ക്ക് ഉള്ളത്. ഉത്തര കൊറിയ ആയുധങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യയും ഹിസ്ബുള്ളയ്ക്ക് കൈമാറിയിരുന്നു. ഇത് വലിയ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ അവരെ സഹായിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഹമാസ് കമാന്‍ഡര്‍മാരെയും മറ്റും ഗാസയ്ക്ക് കുറുകെയുള്ള തുരങ്കങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയാന്‍ ഇസ്രയേല്‍ ഇതിനോടകം തന്നെ പാടുപെട്ടിട്ടുണ്ട്.
ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ ലെബനനിലെ തുരങ്കങ്ങള്‍ പര്‍വതങ്ങളുടെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ലെബനനിലെ തുരങ്കങ്ങള്‍ പര്‍വതങ്ങളിലെ പാറകള്‍ക്കടിയില്‍ കുഴിച്ചെടുത്തവയാണ്. ഇവ ഗാസയിലേതിനേക്കാള്‍ പെട്ടെന്ന് കണ്ടെത്താനും നശിപ്പിക്കാനും എളുപ്പവുമാണ്.