ഇസ്രായേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റാണ് ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ നിന്ന് വിരല്‍ മുറിച്ചുമാറ്റിയിരുന്നുവെന്നും ഇസ്രായേല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധന്‍ പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തുന്നതിനായി സിന്‍വാറിന്റെ കൈവിരല്‍ ഇസ്രായേല്‍ പ്രതിരോധ സേന മുറിച്ചെടുത്തുവെന്ന് ചീഫ് പാത്തോളജിസ്റ്റ് ആയ ചെന്‍ കുഗെല്‍ പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തലയ്ക്ക് വെടിയേറ്റതാണ് സിന്‍വാറിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാങ്ക് ഷെല്ല് ആക്രമണത്തില്‍ നിന്നുള്ള പരിക്കുകളും സിന്‍വാറിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിന്‍വാര്‍ ഇസ്രായേല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ സൈന്യം ദന്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിലൂടെ മൃതദേഹം സിന്‍വാറിന്റേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ ഗാസയില്‍ നടത്തിയ റെയ്ഡിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സേനയുടെ 828 ബ്രിഗേഡ് റാഫയിലെ ടെല്‍ അല്‍ സുല്‍ത്താന്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സിന്‍വാറിന്റേതെന്ന് അവകാശപ്പെട്ട മൃതദേഹത്തിന് അരികില്‍ സൈനികര്‍ നില്‍ക്കുന്ന വീഡിയോയും ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിന്റെ വലതുകൈയ്യിലെ ചൂണ്ടുവിരല്‍ മുറിച്ചെടുത്ത നിലയിലായിരുന്നു.
ഇസ്രായേലിന് നേരെ 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍. ഒക്ടോബര്‍ 16ന് നടന്ന ഇസ്രായേല്‍ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 17ന് ഇദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിലിരുന്ന് അവസാന നിമിഷവും ആക്രമണം തുടരുന്ന സിന്‍വാറിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200ലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. 253 പേരെ ഹമാസ് ബന്ദിക്കളാക്കുകയും ചെയ്തു. പിന്നീട് നടന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ 42000 പാലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.
ഹമാസ് മേധാവി യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നുവോ എന്ന ചോദ്യങ്ങളുയരുകയാണ്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ വധത്തിന് പിന്നാലെയാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സിന്‍വാറും കൊല്ലപ്പെട്ടത്.
സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അതേസമയം സമീപഭാവിയില്‍ തന്നെ യുദ്ധം അവസാനിക്കും എന്ന സൂചനകളാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ആന്റണി ബ്ലിങ്കണും പറഞ്ഞു.
യുദ്ധ ആരംഭിച്ചതോടെ ഒറ്റപ്പെട്ട ഗാസയില്‍ ഹമാസ് നേതാക്കള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്‌ക്കെതിരെ സ്വതന്ത്രമായാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ സിന്‍വാറിന്റെ മരണത്തിന് ശേഷവും പലസ്തീനില്‍ തങ്ങള്‍ തന്നെ അധികാരമേറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഹമാസ് അനുകൂലികള്‍.
അതേസമയം ഹമാസിലെ വിവിധ ഗ്രൂപ്പുകളാണ് ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കി വെച്ചിരിക്കുന്നത്. തടവിലായവര്‍ക്കെതിരെ വ്യത്യസ്തമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. സിന്‍വാറിന്റെ മരണത്തിന്റെ പ്രതികാരമായി ഇവരില്‍ ചിലര്‍ ബന്ദികളെ വധിക്കാന്‍ സാധ്യതയുണ്ട്. ചില ഗ്രൂപ്പുകള്‍ ഭയന്ന് ബന്ദികളെ വിട്ടയയ്ക്കാനും സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.