Tuesday, December 24, 2024

HomeWorldമെര്‍ക്കിന്റെ ഗുളിക 'മോല്‍നുപിറാവിര്‍' അംഗീകരിക്കുന്ന ആദ്യ രാജ്യമായി യു.കെ

മെര്‍ക്കിന്റെ ഗുളിക ‘മോല്‍നുപിറാവിര്‍’ അംഗീകരിക്കുന്ന ആദ്യ രാജ്യമായി യു.കെ

spot_img
spot_img

ലണ്ടന്‍: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക ‘മോല്‍നുപിറാവിര്‍’ന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് ‘മോല്‍നുപിറാവിര്‍’ എന്ന ആന്റി വൈറല്‍ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം നല്‍കിയത്.

ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാദ്ധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കൊവിഡ് ചികിത്സയില്‍ വലിയ മുന്നേറ്റമായി മാറാന്‍ സാധ്യതയുള്ള കണ്ടെത്തലാണിത്.

അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കൊവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാമെന്നാണ് പ്രതീക്ഷ.

ആശുപത്രിവാസം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഗുളിക യു.എസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ സമിതി ഈ അപേക്ഷ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.

വികസ്വര രാജ്യങ്ങള്‍ക്ക് ‘മോല്‍നുപിറാവിര്‍’ ചെലവ് കുറച്ച് ഉതപാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ മാസം മെര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന്‍ മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജന്‍സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന്‍ ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നല്‍കിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments