ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനും പങ്കാളിക്കും ജയിലില്‍വെച്ച് വിവാഹം കഴിക്കാന്‍ അനുമതി. ബെല്‍മാരിഷ് ജയിലിലാണ് ഇവരുടെ വിവാഹം നടക്കുക.
2019 മുതല്‍ ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം. അസാന്‍ജിനെ വിട്ടുകിട്ടാന്‍ യു.എസ് നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ബ്രിട്ടണ്‍ തടവിലാക്കിയത്.
പങ്കാളിയായ സ്‌റ്റെല്ല മോറിസിനെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അസാന്‍ജ് ജയില്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവര്‍ണര്‍ വിവാഹത്തിന് അനുമതി നല്‍കുകയായിരുന്നു.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് താമസിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്. 1983ലെ വിവാഹ നിയമപ്രകാരം ജയില്‍വാസികള്‍ക്ക് ജയിലില്‍വെച്ച് വിവാഹം കഴിക്കാന്‍ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ഗവര്‍ണര്‍മാരായിരിക്കും.
ഇക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലയുമായി രഹസ്യബന്ധം സൂക്ഷിക്കുകയായിരുന്നു. ഇരുവര്‍ക്കും കുട്ടികള്‍ പിറന്ന വാര്‍ത്ത പിന്നീട് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടു. അസാന്‍ജുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ സ്‌റ്റെല്ല തന്നെയാണ് പുറത്തുവിട്ടതും.
ചാരവൃത്തി ആരോപിച്ചാണ് അമേരിക്ക ജൂലിയന്‍ അസാന്‍ജിനെതിരെ കേസെടുത്തത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് അസാന്‍ജിനെതിരെ അമേരിക്ക ചുമത്തിയ കുറ്റം. അസാന്‍ജ് പുറത്തുവിട്ട രേഖകള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.
യു.എസ് കേസെടുത്തതോടെ 2021ല്‍ അസാന്‍ജ് ഇക്വഡോറില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാരവൃത്തി ആരോപിച്ച് ബ്രിട്ടണ്‍ കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചു. അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു.