ന്യൂഡല്‍ഹി: എക്വറ്റോറിയല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത നോര്‍വീജിയന്‍ കപ്പലിലുള്ള ഇന്ത്യക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിച്ച് എംബസി. മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് കപ്പലില്‍ ജീവനക്കാരായുള്ളത്. 10 പേര് വിദേശികളാണ്. മൂന്ന് മാസമായി നാവികസേനയുടെ കസ്റ്റഡിയിലുള്ള കപ്പല്‍ വിട്ടയയ്ക്കാന് ഇനിയും ഗിനി സര്‍ക്കാര്‍ തയാറായിട്ടില്ല.
കപ്പലിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടുണ്ടെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 20 ലക്ഷം ഡോളര്‍ പിഴ കപ്പല്‍ കമ്പനി ഗിനി സര്‍ക്കാരിന് നല്‍കിയെങ്കിലും ഇനിയും കപ്പല്‍ വിട്ടുനല്‍കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലില്‍ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസര്‍ സനു ജോസ് അറിയിച്ചു.