ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയതിനെതിരേ ഐഐടി ബോംബെ അധികൃതര്‍ പ്രത്യേക സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍. ക്യാംപസില്‍ രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും വിട്ടുനില്‍ക്കണമെന്ന നിര്‍ദേശം ക്യാംപസില്‍ നല്‍കി പിറ്റേ ദിവസമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ക്യാംപസിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് പരിപാടി പിരിച്ചുവിടാന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ശിശുദിനമായ നവംബര്‍ 14-ന് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് കെട്ടിടത്തില്‍ കുറച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു നിശബ്ദ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നതായി വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. ഇസ്രയേല്‍ പലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ സ്മരിക്കുന്നതിനുവേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, മെഴുകുതിരി കത്തിച്ചും പോസ്റ്ററുകള്‍ ഉയര്‍ത്തിയും മാത്രം നടത്തിയ ലളിതമായ പരിപാടി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അത് തടസ്സപ്പെടുത്തുന്നതിനുള്ള സൂചനകള്‍ ലഭിച്ചിരുന്നതായി ഇടതുപക്ഷാനുഭാവിയായ ഒരു വിദ്യാര്‍ഥി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. നേരത്തെ ആസൂത്രണം ചെയ്തതും അധികൃതരെ അറിച്ചും നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് വിദ്യാര്‍ഥി ആരോപിച്ചു.
”ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ ഐഐടി ബോംബെയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി. കുട്ടികളോട് പിരിഞ്ഞുപോകാന്‍ വളരെ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. പോസ്റ്റര്‍ നിര്‍മാണത്തിനായി കൊണ്ടുവന്ന സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂറായി അനുമതി വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനത്തെ പരിപാടി നടത്തുന്നതായി മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്,”പേരു വെളിപ്പെടുത്താത്ത മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.
നിശബ്ദമായും സമാധാനപരമായും സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയാന്‍ ശ്രമിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെവിക്കൊണ്ടില്ലെന്നും പരുഷമായ പെരുമാറ്റം തുടര്‍ന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളോട് അവിടെ നിന്ന് പോകാന്‍ നിര്‍ദേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അധ്യാപകരോട് ആവശ്യപ്പെട്ടു.അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഐഐടി ബോംബെ വക്താവ് തയ്യാറായില്ല.
ഇതിലേക്ക് നയിച്ചതെന്ത്?
ഇസ്രയേലിനെതിരേ പലസ്തീന്‍ നടത്തുന്ന പോരാട്ടവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ച പ്രൊഫസര്‍ക്കെതിരേ ബോംബെ ഐഐടിയില്‍ വലതുപക്ഷ അനുഭാവികളായ ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തെ മഹത്വവത്കരിച്ച് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഇതിനെത്തുടര്‍ന്ന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുഭാഷിസ് ചൗധരി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇ-മെയില്‍ സന്ദേശമയച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മെയിലില്‍ ആശങ്ക ഉന്നയിച്ചു.
പുറത്തു നിന്നുള്ളവര്‍ ‘രാജ്യദ്രോഹികള്‍ക്ക് മരണം’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നും എന്നാല്‍ അത്തരം നടപടികള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ഇത്തരം നടപടികളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, കാമ്പസില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ടുവരുമെന്ന് ചൗധരി ഇമെയിലില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍, ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനയുമായി തങ്ങള്‍ രംഗത്തെത്താന്‍ പോകുകയാണെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മ പറഞ്ഞു. നവംബര്‍ 11-ലെ സംഭവത്തിന് മുമ്പുതന്നെ, നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നുവെങ്കിലും അവസാന നിമിഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഇവ റദ്ദാക്കിയതായി ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഒരു വിദ്യാര്‍ഥി പറഞ്ഞു.