ന്യൂഡല്‍ഹി: മ്യാന്‍മാറില്‍ പട്ടാളഭരണകൂടവും പട്ടാളവിരുദ്ധ ഗ്രൂപ്പുകളും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മ്യാന്‍മറിലെ പൗരന്‍മാര്‍ കൂട്ടത്തോടെ രാജ്യം വിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
ഏകദേശം 29 മ്യാന്‍മാര്‍ പട്ടാളക്കാരാണ് ഈ ആഴ്ചയോടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെ മിസോറാമിലെത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അവരുടെ മിലിട്ടറി ക്യാംപിന് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് ഈ പലായനം.
ഏകദേശം 1500 പൗരന്‍മാരാണ് മ്യാന്‍മര്‍ വിട്ട് അഭയാര്‍ത്ഥികളായി മിസോറാമിലേക്ക് എത്തിയത്. നവംബര്‍ 13 ഓടെയായിരുന്നു ഈ കൂട്ടപ്പലായനം.
അതേസമയം അഭയാര്‍ത്ഥി പ്രവാഹത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. മ്യാന്‍മറിലെ പോരാട്ടം അവസാനിപ്പിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
എന്താണ് മ്യാന്‍മറില്‍ സംഭവിക്കുന്നത്?
2021മുതലാണ് മ്യാന്‍മറിലെ സ്ഥിതി ഗുരുതരമാകാന്‍ തുടങ്ങിയത്. ഇതേ വര്‍ഷമാണ് നൊബേല്‍ പുരസ്‌കാര ജേതാവായ ഓങ് സാന്‍ സൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് ജനാധിപത്യവാദികളും പട്ടാളവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.
ഒക്ടോബറില്‍ ഈ രണ്ട് വിഭാഗവും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായി. തുടര്‍ന്ന് പട്ടാളഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മ്യാന്‍മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ വംശീയ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ അരാക്കന്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തു.
അരാകന്‍ സൈന്യം, നാഷണല്‍ ഡെമോക്രാറ്റിക് അലയസന്‍സ് ആര്‍മി, താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്നിവരുള്‍പ്പെട്ട സംഘം മ്യാന്‍മാറിലെ വടക്കുള്ള ഷാന്‍ സംസ്ഥാനത്ത് ആക്രമണം നടത്തി. ഒക്ടോബര്‍ 27നാണ് ഇവര്‍ സംഘടിത ആക്രമണം നടത്തിയത്.
അതിനിടെ മിന്‍ബിയ, മൗംഗ്‌ഡോ, മ്‌റൗക്-യു എന്നീ മേഖലകളില്‍ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ പടിഞ്ഞാറന്‍ മേഖലയില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ നിലപാട്
അതിര്‍ത്തി പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ മുന്നോട്ട് വന്നിരുന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി രംഗത്തെത്തി.അതിര്‍ത്തി പ്രദേശങ്ങളിലെ ആക്രമണത്തിന്റെ ഫലമായി മ്യാന്‍മര്‍ പൗരന്‍മാര്‍ ഇന്ത്യന്‍ സംസ്ഥാനമായ മിസോറാമിലേക്ക് പലായനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”മ്യാന്‍മറില്‍ ജനാധിപത്യവും സമാധാനവും പുനസ്ഥാപിക്കപ്പെടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. 2021 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ ഫലമായി നിരവധി മ്യാന്‍മര്‍ പൗരന്‍മാരാണ് ഇന്ത്യയിലേക്ക് കുടിയേറിയത്,” അരിന്ദം ബാഗ്ചി പറഞ്ഞു.
ന്ത്യയുടെ അയല്‍രാജ്യങ്ങളിലൊന്നായ മ്യാന്‍മര്‍ ഇന്ത്യയുമായി ഏകദേശം 1640 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, എന്നിവയുമായാണ് മ്യാന്‍മര്‍ അതിര്‍ത്തി പങ്കിടുന്നത്.
അതേസമം 2021ല്‍ പട്ടാളം അധികാരം പിടിച്ചെടുത്തതോടെ മ്യാന്‍മറില്‍ നിന്നും ഏകദേശം 31000 പേരാണ് ഇന്ത്യയില്‍ അഭയം തേടിയെത്തിയത്. ഒക്ടോബര്‍ 27ന് തുടങ്ങിയ സംഘര്‍ഷത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 200000 ലധികം പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്ന് യുഎന്‍ മനുഷ്യവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.